കേരളം

ഓണാഘോഷ സമാപനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ച മുതല്‍ അവധി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന പരിപാടികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചമുതല്‍ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍  അറിയിച്ചു. നാളെ വൈകീട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷത്തിന് സമാപനമാകുന്നത്. 

വൈകീട്ട് അഞ്ചിന് വെള്ളയമ്പലത്തുനിന്നാണ് ഘോഷയാത്രയ്ക്കു തുടക്കമാകുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഘോഷയാത്രയ്ക്കു കാഹളം മുഴക്കുന്ന വാദ്യോപകരണമായ കൊമ്പ് കൈമാറും. രാജസ്ഥാനില്‍നിന്നുള്ള ചക്രി നൃത്തം, മണിപ്പൂരില്‍നിന്നുള്ള ലായിഹരൗബ നൃത്തം, പഞ്ചാബിന്റെ ബംഗ്ര നൃത്തം, മഴദേവതയെ സ്തുതിക്കുന്നതിന് അവതരിപ്പിക്കുന്ന തമിഴ് നൃത്തം കരഗം, കര്‍ണാടകയിലെ ഡോല്‍ കുനിത നൃത്തം, മധ്യപ്രദേശിലെ ബദായ്, ജമ്മു കശ്മീരിലെ റൗഫ് നൃത്തം, ഗുജറാത്തിലെ റത്വ നൃത്തം, തെലങ്കാനയുടെ ലംബാഡി, ആന്ധ്രാപ്രദേശിന്റെ തപ്പാട്ട് ഗുലു നൃത്തം എന്നിവയാണ് കേരളീയ കലാരൂപങ്ങള്‍ക്കൊപ്പം തിരുവനന്തപുരം നഗരത്തില്‍ കലാവിരുന്നൊരുക്കാന്‍ എത്തുന്നത്.

ഇതിനൊപ്പം കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അശ്വാരൂഢ സേനയും വിവിധ സേനാ വിഭാഗങ്ങളുടെ ബാന്‍ഡും ഘോഷയാത്രയെ വര്‍ണാഭമാക്കും. പൂരക്കളി, വേലക്കളി, കേരള നടനം, മോഹിനിയാട്ടം, അലാമികളി, ഒപ്പന, മാര്‍ഗംകളി, പൊയ്ക്കാല്‍ മയൂരനൃത്തം, മയിലാട്ടം, ഗരുഡന്‍പറവ, അര്‍ജുന നൃത്തം, ആഫ്രിക്കന്‍ നൃത്തം, പരിചമുട്ട് കളി തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റുകൂട്ടാനെത്തുന്നുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണ മേഖലയില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് 80 ഓളം നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ അവതരിപ്പിക്കും.

യൂണിവേഴ്‌സിറ്റി കോളജിനു മുന്നില്‍ സജ്ജമാക്കുന്ന പവലിയനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി പ്രഹഌദ് സിംഗ് പട്ടേല്‍, മന്ത്രിമാര്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ടൂറിസം മന്ത്രിമാര്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ഘോഷയാത്ര വീക്ഷിക്കും. വിശിഷ്ടാതിഥികള്‍ക്കു മുന്നില്‍ എട്ടോളം തെയ്യം കലാരൂപങ്ങള്‍ അവതരിപ്പിക്കും.

വൈകിട്ട് ഏഴിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയിലെ വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്യും. സുരക്ഷിതമായ ആഘോഷം ഉറപ്പുവരുത്തുന്നതിനായി ബൃഹത് സംവിധാനങ്ങളാണ് പോലിസ് ഒരുക്കിയിരിക്കുന്നത്.

കനകക്കുന്നിലും പരിസരത്തുമായി 30ഓളം ക്യാമറകളും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചു. നഗരത്തിനു പുറത്തുള്ള പ്രധാന വേദികളിലും 1500ഓളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്