കേരളം

പെണ്‍കുട്ടികളോട് വിവേചനം പാടില്ല; ഹോസ്റ്റലുകളില്‍ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കുന്നത് മൗലികാവകാശ ലംഘനം; ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോളജ് ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതു വിദ്യാര്‍ഥികളുടെ മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. മൊബൈല്‍ ഫോണ്‍ ഒഴിച്ചുകൂടാനാകാത്ത വസ്തുവായി മാറിയ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം മൗലിക അവകാശമാണ്. പെണ്‍കുട്ടികളോട് ഇക്കാര്യത്തില്‍ വിവേചനം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ഇ പേപ്പറും ഇ ബുക്കും ഓണ്‍ലൈന്‍ കോഴ്‌സുകളും വ്യാപകമാകുന്ന കാലമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. 

പെണ്‍കുട്ടികള്‍ക്കു കോളജ് ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ കോഴിക്കോട് ചേളന്നൂര്‍ എസ്എന്‍ കോളജിലെ ബിഎ വിദ്യാര്‍ഥിനി ഫഹീമ ഷിറിന്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് പിവി ആശയുടെ ഉത്തരവ്. ഹോസ്റ്റലില്‍ മൊബൈല്‍ ഉപയോഗം നിരോധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതിയുടെ 2016ലെ പ്രഖ്യാപനം അനുസരിച്ചും ഇന്റര്‍നെറ്റ് മൗലികാവകാശമാണ്. ഇത് ഇന്ത്യയ്ക്കും ബാധകമാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹോസ്റ്റലിലെ അന്തേവാസികള്‍ പ്രായപൂര്‍ത്തിയായവരാണെന്നു കോളജ് അധികൃതരും രക്ഷിതാക്കളും മനസ്സിലാക്കണം. എങ്ങനെ പഠിക്കണം, എപ്പോള്‍ പഠിക്കണം എന്നൊക്കെ വിദ്യാര്‍ഥികളാണു തീരുമാനിക്കേണ്ടത്. വൈകിട്ട് ആറ് മുതല്‍ 10 വരെ പെണ്‍കുട്ടികള്‍ക്കു ഫോണ്‍ ഉപയോഗിക്കാന്‍ വിലക്കിയതില്‍ പ്രതിഷേധിച്ചതിനു ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയ സാഹചര്യത്തിലാണു ഹര്‍ജി. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇല്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഏര്‍പ്പെടുത്തുന്നതു ലിംഗ വിവേചനമാണെന്നു ഹര്‍ജിയില്‍ പറയുന്നു.

വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രക്ഷിതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണു പഠന സമയത്തു മൊബൈല്‍ നിയന്ത്രണം കൊണ്ടുവന്നതെന്നു കോളജ് അധികൃതര്‍ വാദിച്ചു. വിവരങ്ങള്‍ ശേഖരിക്കാനും പ്രകടിപ്പിക്കാനും വിദ്യാര്‍ഥിനികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗം ഒഴിവാക്കാനാകില്ല. വിദ്യാര്‍ഥിനികളുടെ പഠന ആവശ്യത്തിനും ഇത് അനിവാര്യമാണെന്നും ഹര്‍ജി ഭാഗം ചൂണ്ടിക്കാണിച്ചു. വിദ്യാര്‍ഥിനിയുടെ ആവശ്യങ്ങള്‍ പരിശോധിച്ച കോടതി വാദങ്ങള്‍ ശരി വയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ