കേരളം

പത്രിക സമര്‍പ്പണത്തിന് ഒരാഴ്ച മാത്രം ; പ്രചാരണത്തിന് 20 ദിവസം ; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നില്‍ വന്‍ വെല്ലുവിളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ മുന്നിലുള്ളത് വന്‍ വെല്ലുവിളി. പാല ഉപതെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് നിലവില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. 23 നാണ് ഇവിടെ വോട്ടെടുപ്പ്. എന്നാല്‍ പാല ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വെറും ഏഴ് ദിവസം മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനും അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുക.

സെപ്തംബര്‍ 30നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മറ്റന്നാള്‍ ( സെപ്തംബര്‍ 23 ന്) ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങും. അന്നു മുതല്‍ ഏഴു ദിവസം മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ലഭിക്കൂ. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഒക്ടോബര്‍ നാലു വരെയാണ്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 ന് നടക്കും.

കേരളത്തില്‍ വടക്കു മുതല്‍ തെക്കു വരെ ഉപതെരഞ്ഞെടുപ്പ് ചൂടിലമരുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്. വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ സീറ്റുകള്‍ നിലവില്‍ യുഡിഎഫിന്റെ കൈവശമുള്ള സീറ്റുകളാണ്. മഞ്ചേശ്വരം സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റേതാണ്. ആലപ്പുഴ ജില്ലയിലെ അരൂര്‍ മണ്ഡലമാണ് സിപിഎമ്മിന്റെ കൈവശമുണ്ടായിരുന്നത്. 

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും കോന്നിയില്‍ അടൂര്‍ പ്രകാശും എറണാകുളത്ത് ഹൈബി ഈഡനും അരൂരില്‍ എഎം ആരിഫുമാണ് എംഎല്‍എസ്ഥാനം രാജിവെച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരുടെ രാജി. മഞ്ചേശ്വരം എംഎല്‍എയായിരുന്ന പിബി അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. 

ഇടതു വലതു മുന്നണികളെപ്പോലെ തന്നെ ബിജെപിക്കും ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്ക് ജനസ്വാധീനം വര്‍ധിച്ചു എന്ന് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിന് ഒരു മണ്ഡലത്തിലെങ്കിലും ബിജെപിക്ക് വിജയിക്കേണ്ടതുണ്ട്. വട്ടിയൂര്‍ക്കാവ്, മഞ്ചേസ്വരം മണ്ഡലങ്ങളാണ് ബിജെപി പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നത്. 

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ട്രെന്‍ഡും സര്‍ക്കാരിനെതിരായ ജനവിധിയും തുണയ്ക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. അതേസമയം സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ജനം അംഗീകാരം നല്‍കുമെന്ന് ഇടതുപക്ഷവും കണക്കുകൂട്ടുന്നു. നിലവില്‍ അരൂര്‍ മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി