കേരളം

അരി എത്രയെന്ന് ചോദിക്കുമ്പോള്‍ പയറ് അഞ്ഞാഴി എന്നാണ് മുഖ്യമന്ത്രി പറയുന്നത്; ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല തന്നതെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിഫ്ബി കെഎസ്ഇബി പവര്‍ഗ്രിഡ് അഴിമതിയില്‍ തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുകമറ സൃഷ്ടിച്ചു ആരോപണത്തില്‍ നിന്നും തലയൂരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കിഫ്ബിയിലെ ഓഡിറ്റ് സുതാര്യമാക്കണമെന്ന സ്പീക്കറുടെ റൂളിംഗ് പോലും തള്ളി കളഞ്ഞു. മറച്ചു വയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ കിഫ്ബിയില്‍ പൂര്‍ണമായി സിഎജി ഓഡിറ്റ് അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന നിലയിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും അതുവഴി രക്ഷപ്പെടാനുമുള്ള വിഫലമായ തന്ത്രമാണ് മുഖ്യമന്ത്രി ഇന്നലെ പയറ്റിയത്. പതിപക്ഷം കിഫ്ബിക്കെതിരല്ല എന്നാല്‍ കിഫ്ബിയുടെ പേരിലുള്ള അഴിമതിയും ധൂര്‍ത്തിനുമെതിരാണ്. തന്റെ പത്ത് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ട്രാന്‍സ്ഗ്രിഡിലെ എസ്റ്റിമേറ്റ് തുക വ്യക്തമാക്കാന്‍ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. 

മുഖ്യമന്ത്രി നല്‍കിയ മറുപടിയെല്ലാം പകുതി സത്യങ്ങള്‍ മാത്രമാണ്. റെഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല. ജീവനക്കാരെ കുത്തിനിറച്ചത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല. 43000കോടി രൂപയുടെ പദ്ധതിയില്‍ 10000 കോടി രൂപയുടെ ഓഡിറ്റ് മാത്രമാണ് നടക്കുന്നത്. ഫണ്ടുകളെക്കുറിച്ചുള്ള അന്വേഷണം കൃത്യമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ നടത്തിക്കഴിഞ്ഞാല്‍ പലരും സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും. വിഷയത്തില്‍ സമഗ്രമായ സിബിഐ അന്വേഷണം വേണം. രമേശ് ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് മാത്രം പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയമല്ല. കിഫ്ബി നിയമം നിയമസഭയില്‍ അവതരിപ്പിക്കുന്നതുമുതല്‍ ഇതിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2016 നവംബറിലാണ് കിഫ്ബി നിയമഭേദഗതി നിയമസഭ പാസാക്കിയത്. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചചെയ്യാമെങ്കിലും വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന് 2016ല്‍ തന്നെ ചൂണ്ടിക്കാണിച്ചായിരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. 

നിയമസഭക്കും സര്‍ക്കാരിനും പുറത്ത് കിഫ്ബി സാമ്പത്തിക സമാഹരണം നടത്തുകയും അത് ട്രഷറിക്ക് പുറത്തുകൂടി സമ്പദ്ഘടനയിലെത്തുകയാണെന്ന് അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അപാകതകള്‍ പരിഹരിക്കാമെന്നായിരുന്നു അന്ന് ധനകാര്യമന്ത്രി വ്യക്തമാക്കിയത്. വര്‍ഷാവര്‍ഷം 3.32 കോടി ചിലവില്‍ പദ്ധതികള്‍ പരിശോധിക്കാന്‍ അപ്രൈസല്‍ ഡിവിഷന്‍ ഉള്ളപ്പോള്‍ ഡെറാലസ് എന്ന കമ്പനി എന്തിനാണ് അപ്രൈസല്‍ നടത്തുന്നത്. ഇക്കാര്യം കെഎം മാണിയും ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ അടുത്ത വര്‍ഷം എം ഉമ്മര്‍ ഈ വിഷയം ക്രമപ്രശ്‌നമായി സഭയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിയമസഭയുടേയോ സഭാസമിതികളുടേയോ പരിശോധനയ്ക്ക് കിഫ്ബി അക്കൗണ്ടുകള്‍ വിധേയമാകാത്തത് വലിയ പോരായ്മയാണെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. സൂക്ഷമതയും സുതാര്യതയും ആവശ്യമാണെന്ന സ്പീക്കറുടെ റൂളിങും കാറ്റില്‍പറത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ