കേരളം

'ഹെലികോപ്ടര്‍ വാങ്ങിക്കാന്‍ ഇതിനെക്കാള്‍ നല്ല സമയം വേറെ ഏതാണ്?'; സര്‍ക്കാരിനെ പരിഹസിച്ച് വി ഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ വിഷമിക്കുന്നതിനിടെ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതിന് പവന്‍ഹാന്‍സ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറിയതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍.  ഹെലികോപ്റ്റര്‍ വാങ്ങാന്‍ ഇതിനെക്കാള്‍ നല്ല സമയം വേറെ ഏതാണ് എന്ന് പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്റെ പ്രതികരണം.

പണം പിന്‍വലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. 1.7 കോടി രൂപക്കാണ് പവന്‍ഹാന്‍സ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചത്. ഇതിന്റെ അഡ്വാന്‍സ് തുകയായി ആണ് ഇപ്പോള്‍ 1.5കോടി രൂപ കമ്പനിക്ക് കൈമാറിയത്. 

പൊലീസിന്റെയടക്കം വിവിധ ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേരത്തെ തന്നെ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നതിലടക്കം ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കൊറോണബാധക്കിടെ സര്‍ക്കാര്‍ വലിയരീതിയിലുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് കടന്ന പശ്ചാത്തലത്തില്‍ തുക കൈമാറിയെന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

വി ഡി സതീശന്റെ കുറിപ്പ്:

സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകക്ക് എടുക്കാന്‍ പണം നല്‍കിയത് കൃത്യ സമയത്താണ്. ഒന്നിനും പണമില്ലാത്ത സമയത്ത്.കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രളയ പുനര്‍നിര്‍മ്മാണത്തിന് 1000 കോടി രൂപ അനുവദിച്ചിരുന്നു. ഒരു രൂപ പോലും ചെലവാക്കിയില്ല. ലോക ബാങ്ക് പ്രളയ പുനര്‍നിര്‍മ്മാണത്തിന് 1780 കോടി നല്‍കി. അതും വകമാറ്റി ചെലവഴിച്ചു. പ്രളയ ഫണ്ടിലേക്ക് സംഭാവന നല്‍കിയവരെയും ശമ്പളം നല്‍കിയവരെയും കബളിപ്പിച്ചാണ് എറണാകുളം കളക്ട്രേറ്റില്‍ 8.15 കോടി രൂപ സഖാക്കള്‍ അടിച്ചു മാറ്റിയത്.
ഇപ്പോള്‍ വീണ്ടും കോവിഡ് പ്രതിരോധത്തിനു വേണ്ടി ശമ്പളത്തിനും സംഭാവനക്കുമായി സര്‍ക്കാര്‍ വീണ്ടും കൈ നീട്ടുകയാണ്. ഹെലികോപ്ടര്‍ വാങ്ങിക്കാന്‍ ഇതിനെക്കാള്‍ നല്ല സമയം വേറെ ഏതാണ്?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍