കേരളം

കരിപ്പൂര്‍  വിമാന അപകടം; മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടം സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിലൂടെയാണ് പ്രധാനമന്ത്രി അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ല കലക്ടര്‍മാരും ഐജി അശോക് യാദവും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. 

അപകട വാര്‍ത്ത അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്റര്‍ കുറിപ്പിലൂടെ അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. സ്ഥിതി സംബന്ധിച്ച് കേരള മുഖ്യമന്ത്രിയോട് സംസാരിച്ചു. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കിക്കൊണ്ട് അധികൃതര്‍ സ്ഥലത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കരിപ്പൂര്‍ വിമാനാപകടത്തില്‍ അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനോട് സംഭവ സ്ഥലത്തെത്താന്‍ നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. അദ്ദേഹം തൃശൂരില്‍ നിന്ന് പുറപ്പെട്ടു. 

ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹവും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. 

ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്കുപതിച്ച് രണ്ടായി പിളര്‍ന്നാണ് അപകടം സംഭവിച്ചത്. പൈലറ്റടക്കം പത്ത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ ആണ് മരിച്ച പൈലറ്റ്. 100ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സഹ പൈലറ്റ് അഖിലേഷിനും ഗുരുതര പരിക്കുണ്ട്. 

174 മുതിര്‍ന്ന യാത്രക്കാരും 10 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. വിമാനത്തിലെ ഇന്ധനം ചോരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍