കേരളം

എ കെ ജി, കെ ആര്‍ മീര, ബെന്യാമിന്‍, ഹനാന്‍, ശൈലജ ടീച്ചര്‍; കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍, എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനെതിരായാലും സാധാരണക്കാരന് എതിരായാലും സൈബര്‍ ആക്രമണങ്ങള്‍ അരുതാത്തതാണെന്നും അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഈ വിഷയത്തില്‍ പ്രതിപക്ഷവും മാധ്യമങ്ങളും കാണിക്കുന്ന ഇരട്ടത്താപ്പ് വ്യക്തമാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചിലര്‍ക്ക് ചില വിവാദങ്ങള്‍ വേണം എന്നാണ് ആഗ്രഹം. ഇതുവരെയുള്ള വിവാദത്തില്‍ ഇതിനോടകം ഞാന്‍ എന്റെ നിലപാട് കഴിഞ്ഞ ദിവസങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്. മൊയരാത്ത് ശങ്കരന്‍ മുതലുള്ള സംഭവങ്ങള്‍ നാം എടുത്ത് പരിശോധിക്കണം. അതുപക്ഷേ വളരെ ദീര്‍ഘമാണ് എന്നതിനാല്‍ അതിലേക്ക് ഞാന്‍ കടക്കുന്നില്ല.

ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ നമ്മുക്ക് പലതും ഓര്‍മ്മവരും. ഒരു വശം മാത്രമല്ല, എല്ലാം പറയണ്ടേ. ശൈലജ ടീച്ചര്‍ തന്റെ ഉത്തരവാദിത്തം നന്നായി നടപ്പാക്കുന്നയാളാണ്. ശൈലജ ടീച്ചറെ ഡാന്‍സര്‍ എന്നു വിളിച്ചത് ആരായിരുന്നു. കെപിസിസി അധ്യക്ഷസ്ഥാനം ചെറിയ പദവിയാണോ?- അദ്ദേഹം ചോദിച്ചു. 

ടീച്ചര്‍ക്ക് മീഡിയ മാനിയ ആണെന്ന് പറഞ്ഞത് ആരാണ്? പ്രതിപക്ഷ നേതാവ് അല്ലേ? സോഷ്യല്‍ മീഡിയയില്‍ ശൈലജ ടീച്ചറെ അപമാനിക്കാനും മോര്‍ഫ് ചെയ്യാനുമായി യുഡിഎഫിന്റെ സൈബര്‍ടീമില്‍ ഗ്രൂപ്പുണ്ടാക്കിയില്ലേ? അത്യന്തം മോശമായ പോസ്റ്റുകള്‍ ചിത്രങ്ങളായി പ്രചരിപ്പിച്ചില്ലേ. കഴിഞ്ഞ മാസമാണ് മേഴ്‌സിക്കുട്ടിയമ്മ കോണ്‍ഗ്രസിന്റെയും ലീഗിന്റേയും ഭീകരമായ സൈബര്‍ തെറി വിളികള്‍ക്ക് ഇരയായത്. അസഭ്യവര്‍ഷം കൊണ്ടല്ലേ മേഴ്‌സിക്കുട്ടിയമ്മയെ നേരിട്ടത്?- അദ്ദേഹം ചോദിച്ചു.

ബെന്യാമിന്‍ എന്ന എഴുത്തുകാരനും സൈബര്‍ ആക്രമണത്തിന് ഇരയായില്ലേ. അതിന് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസിലെ ഒരു യുവ എംഎല്‍എ. കുറച്ചു നാള്‍ മുന്‍പാണ് കെആര്‍ മീരയെ ഒരു യുവ കോണ്‍ഗ്രസ് നേതാവ് ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ചത്. തന്റെ സൈബര്‍ ടീമിനെ വച്ച് പിന്നീട് മീരയെ ആക്രമിക്കുകയും ചെയ്തു.

അധിക്ഷേപം നടത്തിയ എംഎല്‍എ ഇതിനു മുന്‍പും ഇത്തരം നിലപാട് സ്വീകരിച്ചിട്ടില്ലേ? ലോകം തന്നെ ആദരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ അധിക്ഷേപിക്കുക മാത്രമല്ല തന്റെ സംഘങ്ങള്‍ക്ക് എകെജിയെ ആക്രമിക്കാന്‍ പ്രോത്സാഹനം നല്‍കുന്നതും കണ്ടില്ലേ? അന്ന് ആ നടപടിയെ കെപിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചു. അപ്പോള്‍ ആ പ്രസിഡന്റിന് ഇദ്ദേഹത്തിന്റെ അണികളില്‍ നിന്നും നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം എങ്ങനെയുണ്ടായിരുന്നു.

ഫെയ്‌സ്‌സ്ബുക്കില്‍ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവര്‍ഷം നടത്തിയതിനാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെ ഒരു വനിത പരാതി നല്‍കിയത്. മറ്റൊരു യുവ കോണ്‍ഗ്രസ് എംഎല്‍എയും ന്യായീകരിക്കാനിറങ്ങി. ഒടുവില്‍ ഓടി നടന്ന് തെറി പറയുകയായിരുന്നു. പോസ്റ്റില്‍ കമന്റിട്ട സ്ത്രീകളേയും തെറി പറഞ്ഞു.

അതിനു ശേഷമാണ് ഹനാന്‍ എന്ന പെണ്‍കുട്ടി അങ്ങേയേറ്റം അശ്ലീലമായ തെറിവിളകള്‍ക്ക് ഇരയായത്. പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചു എന്നാതായിരുന്നു കുറ്റം. പ്രതിപക്ഷനേതാവ് നിര്‍മ്മിച്ചു തന്ന വീട്ടിലിരുന്ന് അദ്ദേഹത്തെ കുറ്റം പറയാമോ എന്നു ചോദിച്ചാണ് തെറി വിളി തുടങ്ങിയത്.

നിപയ്ക്ക് എതിരായ പോരാട്ടത്തില്‍ ജീവന്‍ ത്യജിച്ച സിസ്റ്റര്‍ ലിനിയുടെ കുടുംബത്തെ സോഷ്യല്‍ മീഡിയക്ക് അകത്തും പുറത്തും വേട്ടയാടാനുള്ള ശ്രമം മറന്നു പോയോ? ലിനിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയില്ലേ?

എന്താണ് മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ? ന്യൂസ് 18ലെ ഒരു അവതാരകയെ എന്താല്ലാം തെറി പറഞ്ഞാണ് ഈ കൂട്ടര്‍ അധിക്ഷേപിച്ചത്? അപ്പോള്‍ ആ അവതാരകയെ െ്രെപം ടൈം ന്യൂസില്‍ നിന്നും മാറ്റി നിര്‍ത്തുന്ന അവസ്ഥയുണ്ടായില്ലേ. എഷ്യാനെറ്റിലെ ഒരു അവതാരക നേരിട്ടത് എന്തായിരുന്നു? ഒരു കോണ്‍ഗ്രസ് പേജില്‍ അവര്‍ക്കെതിരെ വാര്‍ത്ത വന്നില്ലേ, ഭീഷണി മുഴക്കിയില്ലേ?

ചിലരെ ഇതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയും ചെയ്തു. അവരെ ജയിലില്‍ പോയി സ്വീകരിച്ചതും നാം കണ്ടില്ലേ. മനോരമയിലെ ഒരു അവതാരകയ്ക്ക് നേരെയും സൈബര്‍ ആക്രമണം ഉണ്ടായി. എത്ര മാധ്യമങ്ങളാണ് അതിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറായത്. എതു കൂട്ടരാണ് അതിനെതിരെ ചര്‍ച്ച നടത്താന്‍ തയ്യാറായത്?- അദ്ദേഹം ചോദിച്ചു. 

ആ ഇരട്ടത്താപ്പിന്റെ വശം ഞാന്‍ നേരത്ത ചൂണ്ടിക്കാണിച്ചതാണ്. ഇങ്ങനെ അസഭ്യവര്‍ഷം നടത്തുന്നവരാണ് പ്രതിപക്ഷ അണികള്‍. മാന്യമായി സോഷ്യല്‍ മീഡിയയില്‍ ഇടപെടാന്‍ സ്വന്തം അണികളോട് അല്ലെങ്കിലും നേതാക്കാളോട് എങ്കിലും ആവശ്യപ്പെടണം.

സ്വര്‍ണ്ണക്കടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്ന് ആദ്യം വാര്‍ത്ത നല്‍കിയത് ഇവിടുത്തെ ഒരു പ്രമുഖ മാധ്യമമാണ്. ഒരു ഘട്ടത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ കക്ഷത്തിലേക്ക് ക്യാമറ സൂം ചെയ്ത് ഏലസ് കണ്ടെത്തിയത് ഓര്‍മ്മയില്ലേ?

ഒരു മെഡിക്കല്‍ ഉപകരമാണ് മാന്ത്രിക ഏലസായി ചിത്രീകരിച്ചത്. ഒരു തെരഞ്ഞെടുപ്പ് കാലത്താണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് നേതാവിന്റെ മുടി സിപിഎം പ്രവര്‍ത്തകര്‍ മുറിച്ചെന്ന് പറഞ്ഞ് ഒന്നാം പേജില്‍ വാര്‍ത്ത കൊടുത്തത്. പിന്നെ ആ സ്ത്രീ സ്വയം മുറിച്ചെന്ന് പറഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞോ തിരുത്തിയോ ഇല്ല.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് ഐഎസ്ആര്‍ഒ ചാരക്കേസുണ്ടായത്. അതിനെപ്പറ്റി അദ്ദേഹം ഇന്നലെ ഒരു ചാനലില്‍ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ. ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങളുണ്ട്. ഇന്നത്തെ ഘട്ടത്തില്‍ യോജിച്ചു ചെയ്യാന്‍ പറ്റിയ എന്താണുള്ളത്, അതുനോക്കാം. അതേപ്പറ്റി ചോദിക്കാം, അതിനുള്ള വിശദീകരണവും തരാം. നമ്മള്‍ ആ നിലയ്ക്ക് പോകുന്നതാവും നല്ലത്.- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്