കേരളം

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' വീണ്ടും വരുന്നു; കെപിഎസിയുടെ ചരിത്ര നാടകം ഇനി ഫെയ്‌സ്ബുക്ക് അരങ്ങില്‍

വിഷ്ണു എസ് വിജയന്‍

'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ
ആ മരത്തിന്‍ പൂന്തണലില് വാടിനി
ല്‍ക്കുന്നോളേ...'

തിനായിരത്തിലധികം വേദികളിലെ നിറഞ്ഞസദസ്സിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട കെപിഎസിയുടെ സാമൂഹിക രാഷ്ട്രീയ നാടകം 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിലെ ഈ ഗാനം വീണ്ടും ഉച്ചത്തില്‍ കേള്‍ക്കാന്‍ പോവുകയാണ്. പക്ഷേ, വലിയ മൈതാനത്തില്‍ കെട്ടിയുയര്‍ത്തിയ സ്റ്റേജുകളിലൂടെയല്ല, സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് കേരള ചരിത്രത്തില്‍ നിന്നും ഒരിക്കലും അടര്‍ത്തി മാറ്റാന്‍ സാധിക്കാത്ത ഈ നാടകം മലയാളികള്‍ക്ക് മുന്നില്‍ വീണ്ടും എത്താന്‍ പോകുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി സിപിഐയാണ് നാടകം ജനങ്ങള്‍ക്ക് മുന്നില്‍ വീണ്ടും എത്തിക്കുന്നത്. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റി ഫെയ്‌സ്ബുക്ക് പേജിലൂടെ നാടകം വീണ്ടുമെത്തും. കെപിഎസി നാടകങ്ങള്‍ക്ക് പ്രചാരണം നല്‍കാന്‍ സംസ്ഥാന സമിതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്വാതന്ത്ര്യ ദിനത്തില്‍ നാടകം അവതരിപ്പിക്കുന്നത്.

തോപ്പില്‍ ഭാസി രചിച്ച് എന്‍ രാജഗോപാലന്‍ നായരും ജി ജനാര്‍ദ്ദനക്കുറുപ്പും ചേര്‍ന്ന് സംവിധാനം ചെയ്ത 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' 1950ല്‍ ആരംഭിച്ച 'കേരള പീപ്പിള്‍സ് ആര്‍ട്ട് ക്ലബ്' എന്ന കെപിഎസിയുടെ രണ്ടാമത്തെ നാടകമായിരുന്നു. ഒളിവിലായിരുന്ന തോപ്പില്‍ ഭാസി, സോമന്‍ എന്നപേരിലാണ് നാടകം രചിച്ചത്. നാടകത്തിന് വേണ്ടി ഗാനങ്ങള്‍ എഴുതിയത് ഒ എന്‍ വി കുറുപ്പും സംഗീത സംവിധാനം നിര്‍വഹിച്ചത് ജി ദേവരാജനുമാണ്.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിന്റെ പോസ്റ്റര്‍

കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് അടത്തിറ പാകിയ നാടകമായാണ് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' വിലയിരുത്തപ്പെടുന്നത്. 1952 ഡിസംബര്‍ ആറിന് കൊല്ലം ചവറയിലായിരുന്നു ആദ്യവേദി. 68 വര്‍ഷങ്ങള്‍ക്കിപ്പുറം പരമുപിള്ളയും കൂട്ടരും സോഷ്യല്‍ മീഡിയയിലൂടെ കോവിഡ് കാലത്തും രാഷ്ട്രീയം പറയാന്‍ വീണ്ടുമെത്തുകയാണ്. നിരോധനങ്ങളും അടിച്ചമര്‍ത്തലുകളും അതിജീവിച്ച് ഒരുജനതയെ മുഴുവന്‍ അത്രമേല്‍ പ്രചോദിപ്പിച്ച നാടകം പുതിയ കാലത്തും ഏറെ പ്രസക്തമാണെന്ന് ചടയമംഗലം എംഎല്‍എ മുല്ലക്കര രത്നാകരന്‍ സമകാലിക മലയാളത്തോട് പറഞ്ഞു.

'അസമത്വങ്ങള്‍ക്ക് എതിരായി പോരാടുക എന്നതാണ് നാടകം നല്‍കുന്ന സന്ദേശം.അതിന്റെ പ്രസക്തി ഒരിക്കലും നഷ്ടപ്പെടില്ല. അന്ന് ജന്‍മിത്വത്തിന് എതിരായ ശക്തമായ മുദ്രാവാക്യമായാണ് നാടകം വ്യാഖ്യാനിക്കപ്പെട്ടത്. ഇന്നത് കോര്‍പ്പറേറ്റുകള്‍ക്കും മതരാഷ്ട്രീയത്തിനും എതിരെയുള്ളതായി കാണണം. അസമത്വത്തിന്റെ വേദനകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ആ വേദനയെക്കുറിച്ചാണ് നാടകം സംവദിക്കുന്നത്. നിങ്ങളും ഞാനും എന്നത് ഇല്ലാതാകണം, നമ്മളാകണം എന്നാണ് നാടകം പറയുന്നത്. അത് എക്കാലത്തും പ്രസക്തമാണ്. വേദന അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മതിലുകള്‍ തകര്‍ത്ത് ഒന്നാകണമെന്ന് പറഞ്ഞൊരു നാടകം ഇപ്പോഴും ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. അത് പുതിയ തലമുറയ്ക്ക് കൂടി പരിചയപ്പെടുത്തുക എന്നതുംകൂടി ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ട്.-മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.

1970ല്‍ അവസാനിച്ച ജന്‍മിത്വത്തിന്റെ സാമൂഹ്യ സ്വഭാവങ്ങള്‍ എന്തായിരുന്നു, അതിനെതിരെ ഉയര്‍ന്നുവന്ന സമരങ്ങളും ആശയങ്ങളും എന്തായിരുന്നു എന്ന് കേരളത്തിലെ ഒരുവലിയ വിഭാഗം പുതിയ തലമുറയ്ക്ക് അറിയില്ല. പൂര്‍വ്വകാല ബോധമാണ് ഭാവികാലത്തെ വാര്‍ത്തെടുക്കുന്നതില്‍ നമ്മളെ സഹായിക്കുന്ന ഒന്ന്. സ്വാതന്ത്ര്യവും സമത്വവും നേടിയെടുക്കാന്‍ പൂര്‍വ്വികര്‍ ചവിട്ടിനടന്ന കനല്‍വഴികള്‍ പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുക എന്ന ചരിത്രപരമായൊരു കടമകൂടി കെപിഎസിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഈ പ്രവര്‍ത്തനത്തിലൂടെ ഏറ്റെടുക്കുകയാണ്'- നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ ഫസ്റ്റ് ബെല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരാന്‍പോകുന്നതിനെ കുറിച്ച് മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും