കേരളം

പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രമുഖ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു. പുലര്‍ച്ചെ 1.40ഓടെയായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.  സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ വ്യക്തിയാണ് പുനലൂര്‍ രാജന്‍. കോഴിക്കോട് തിരുവണ്ണൂരിലെ 'സാനഡു'വിലായിരുന്നു താമസം.

വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, ജോസഫ് മുണ്ടശ്ശേരി, എകെജി, ഇഎംഎസ്., ഇന്ദ്രജിത്ത് ഗുപ്ത, എസ്എ ഡാങ്കേ, സി അച്യുതമേനോന്‍, എംഎന്‍ ഗോവിന്ദന്‍നായര്‍, പി കെ വാസുദേവന്‍ നായര്‍, എം ടി വാസുദേവന്‍ നായര്‍, എസ് കെ പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊന്‍കുന്നം വര്‍ക്കി, എന്‍ വി കൃഷ്ണവാരിയര്‍, കേശവദേവ്, സുകുമാര്‍ അഴീക്കോട്, യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെയൊക്കെ അത്യപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തിയ വ്യക്തിയാണ് രാജന്‍. 

കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തന്‍വിളയില്‍ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലാണ് രാജന്‍ ജനിച്ചത്. മാവേലിക്കര രവിവര്‍മ സ്‌കൂളില്‍നിന്ന് ഫൈന്‍ ആര്‍ട്‌സ് ഡിപ്ലോമ നേടി. 1963ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയതോടെയാണ് അദ്ദേഹം കോഴിക്കോടിന്റെ ഭാഗമായത്. 1994ല്‍ വിരമിച്ചു. സ്വന്തമായി സിനിമയെടുക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി സിനിമാപഠനത്തിനായി രാജനെ റഷ്യയിലേക്കയച്ചു. മോസ്‌കോ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയില്‍ മൂന്നുകൊല്ലം അദ്ദേഹം സിനിമാട്ടോഗ്രഫി പഠിച്ചു. 

കെപിഎസി യുടെ നേതൃത്വത്തിലാണ് സിനിമ നിര്‍മ്മിക്കാന്‍ ശ്രമം നടന്നത്. പഠനം പൂര്‍ത്തിയാക്കി രാജന്‍ നാട്ടില്‍ തിരിച്ചെത്തിയെങ്കിലും പാര്‍ട്ടി സിനിമാമോഹം ഉപേക്ഷിച്ചിരുന്നു. തിക്കോടിയന്‍, പട്ടത്തുവിള കരുണാകരന്‍, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂര്‍, എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവന്‍ നായര്‍, വി. അബ്ദുല്ല, എന്‍.പി. മുഹമ്മദ്, ടി. ദാമോദരന്‍, പി.എ. ബക്കര്‍, പവിത്രന്‍, ജോണ്‍ എബ്രഹാം, ചെലവൂര്‍ വേണു തുടങ്ങിയവര്‍ സുഹൃത്തുക്കളായിരുന്നു. 'ബഷീര്‍: ഛായയും ഓര്‍മയും', 'എം.ടി.യുടെ കാലം' എന്നിവയാണ് രാജന്റെ പുസ്തകങ്ങള്‍. രണ്ടാംലോകയുദ്ധം തകര്‍ത്തുതരിപ്പണമാക്കിയ പ്രദേശങ്ങളില്‍ സഞ്ചരിച്ച് തയ്യാറാക്കിയ 'മഹായുദ്ധത്തിന്റെ മുറിപ്പാടുകള്‍' എന്ന ചിത്രത്തിന് സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ് ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം