കേരളം

അഭിമാനമായി എറണാകുളം മെഡിക്കല്‍ കോളേജ്; 103 വയസുകാരന് കോവിഡ് മുക്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് തന്റെ 103 ആം വയസില്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ നല്‍കി ആദരിച്ചാണ് അദ്ദേഹത്തെ യാത്രയയച്ചത്.

പ്രായമായ രോഗികളെ ചികിത്സിച്ച് ഭേദമാക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പ്രായമായവരില്‍ വളരെയധികം ഗുരുതരമാവാന്‍ സാധ്യത കൂടുതലുള്ള കോവിഡ് 19 ഇല്‍ നിന്നും പരീദിന്റെ രോഗ മുക്തി കളമശ്ശേരി മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഇച്ഛാശക്തിയുടെയും ചികിത്സ മികവിന്റെയും അര്‍പ്പണ ബോധത്തിന്റെയും നേട്ടമാണ്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ എല്ലാവരേയും അഭിനന്ദിക്കുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും 105 വയസുകാരിയായ അഞ്ചല്‍ സ്വദേശിനി അസ്മ ബീവി അടുത്തിടെ കോവിഡ് മുക്തി നേടിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നതായും മന്ത്രി വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ച് 20 ദിവസം കൊണ്ടാണ് പരീദിന് രോഗമുക്തി നേടിയത്. ജൂലൈ 28 ന് ശക്തമായ പനിയും ശരീര വേദനയും മൂലമാണ് അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനായത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗുരുതര ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഉയര്‍ന്ന പ്രായം പരിഗണിച്ച് പ്രത്യേക മെഡിക്കല്‍ സംഘമാണ് പരീദിന് ചികിത്സ ഉറപ്പാക്കിയത്.

കേരളത്തില്‍ കോവിഡ് മുക്തനാകുന്ന ഏറ്റവും പ്രായകൂടിയവരില്‍ ഒരാളാണ് പരീദ്. ആയിരത്തില്‍ ഏറെ പേരെ കോവിഡ് മുക്തരാക്കുന്നതില്‍ വിജയം കണ്ട കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും രോഗ മുക്തനായി ആശുപത്രി വിടുന്ന ഏറ്റവും പ്രായം കൂടിയ രോഗിയാണ് പരീദ്.

അദ്ദേഹത്തിന്റെ മകനും രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ ആമിനയും അഡ്മിറ്റ് ആയിരുന്നു എങ്കിലും നെഗറ്റീവ് ആയിരുന്നതിനാല്‍ മുമ്പ് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി