കേരളം

ലോക്കർ തകർത്തിട്ടില്ല, ഭിത്തിയിലെ ദ്വാരം തീരെ ചെറുത്; തൃശൂർ സ്വർണ്ണക്കവർച്ചയിൽ ദുരൂഹത 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയിൽ നിന്ന് 3.12 കിലോ സ്വർണവും അരക്കിലോ വെള്ളിയും കവർന്ന സംഭവത്തിൽ ദുരൂഹത. ലോക്കർ തകർത്തിട്ടില്ലെന്നതും ഭിത്തിയിലെ ദ്വാരം ചെറുതാണെന്നതുമാണ് ദുരൂഹതയേറ്റുന്നത്. താക്കോൽ ഉപയോഗിച്ചു തുറന്നു എന്ന സാധ്യത കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ജ്വല്ലറിയിലെ സിസിടിവി രണ്ടര മാസമായി പ്രവർത്തനരഹിതമാണ്. 

ദേശീയപാതയോടു ചേർന്നു പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിൽ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ 10 മണിയോടെ ഉടമ ചെന്ത്രാപ്പിന്നി സ്വദേശി സലീമും ഒരു ജീവനക്കാരനും കൂടി ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെടുന്നത്. തലേന്നു രാത്രി 9 മണി വരെ ജ്വല്ലറി പ്രവർത്തിച്ചിരുന്നതായി ഉടമ പൊലീസിനോടു പറഞ്ഞു. അർധരാത്രിക്കു ശേഷമാകാം മോഷണമെന്നാണ് പ്രാഥമിക നിഗമനം.  ജ്വല്ലറിയുടെ ഇടതുവശത്തു കാടുമൂടിക്കിടക്കുന്ന ഭാഗത്തോടു ചേർന്നാണ് ഭിത്തി തുരന്നത്. കട്ടർ പോലുള്ള മെഷീനുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്നു പരിശോധനയിൽ വ്യക്തമായി. 

ലോക്കർ തകർക്കാൻ ശ്രമമുണ്ടായിട്ടില്ലെന്നതും സംശയങ്ങൾ വർധിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ താക്കോൽ ഉപയോഗിച്ചു തുറന്നതോ ജീവനക്കാർ പൂട്ടാൻ മറന്നതോ ആകാമെന്നാണ് വിലയിരുത്തൽ. സിസിടിവി ക്യാമറകൾ രണ്ടരമാസമായി പ്രവർത്തിക്കുന്നില്ലെന്നാണ്  ജീവനക്കാർ പൊലീസിനെ അറിയിച്ചത്. ജ്വല്ലറിക്കു കാവൽക്കാരനുമുണ്ടായിരുന്നില്ല.  ലോക്കറിന് ഒരു താക്കോൽ മാത്രമേയുള്ളൂ എന്നാണ് ഉടമ പൊലീസിനോടു വ്യക്തമാക്കിയത്. എന്നാൽ, 10 വർഷം മുൻപ് ഈ ലോക്കർ മറ്റൊരാളിൽ നിന്നു വാങ്ങിയതാണെന്നു വ്യക്തമായതോടെ അദ്ദേഹവുമായി പൊലീസ് ബന്ധപ്പെട്ടു. 2 താക്കോലുകൾ നൽകിയിരുന്നതായാണ് ഇദ്ദേഹത്തിന്റെ വാദം. ഇതോടെ രണ്ടാമത്തെ താക്കോലിനെക്കുറിച്ചുള്ള സംശയങ്ങൾ ശക്തമാകുകയാണ്. 

സംഭവസ്ഥലത്തു പരിശോധന നടത്തിയ വിരലടയാള വിദഗ്ധർക്കും ഡോഗ് സ്ക്വാഡിനും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കൂടാതെ തെളിവു നശിപ്പിക്കാൻ പരിസരത്താകെ മുളകുപൊടി വിതറിയിരുന്നു. ഭിത്തി തുരക്കാൻ ഉപയോ​ഗിച്ച ആയുധങ്ങളും കണ്ടെടുക്കാനായില്ല. കുറച്ചുകാലമായി ജ്വല്ലറി സ്ഥിരമായി തുറന്നിരുന്നില്ല എന്നതാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. മേഖലയിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു മേഖലയിൽ നിന്നു വ്യാഴാഴ്ച രാത്രിയിലെ ഫോൺവിളി വിശദാംശങ്ങളും പരിശോധിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി