കേരളം

അവിശ്വാസത്തെ പിന്തുണച്ചില്ലെങ്കിൽ മുന്നണിയിൽ നിന്ന് പുറത്തെന്ന് യുഡിഎഫ്; ഒഴിവാക്കിയിട്ട് പിന്നെ എന്ത് അച്ചടക്ക നടപടി; മറുപടിയുമായി ജോസ് കെ മാണി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള കോൺ​ഗ്രസ് നേതാവ് ജോസ് കെ മാണിക്ക് താക്കീതുമായി യുഡിഎഫ്. സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കിൽ ജോസ് കെ മാണി ഗ്രൂപ്പിനെ മുന്നണിയിൽ നിന്ന് പുറത്താക്കുമെന്ന സൂചനയുമായി യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ രം​ഗത്തെത്തി. 

എന്നാൽ യുഡിഎഫിന്റെ അന്ത്യശാസനം ജോസ് കെ മാണി തള്ളി. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടു നിൽക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. വിട്ടുനിൽക്കരുതെന്ന യുഡിഎഫ് താക്കീത് എന്തിനാണെന്ന് മനസിലാകുന്നില്ല. മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ട് എന്ത് അച്ചടക്ക നടപടിയെന്നും ജോസ് കെ മാണി പരിഹസിച്ചു. 

അതേസമയം അച്ചടക്ക ലംഘനത്തിനുള്ള സസ്‌പെൻഷനാണ് ഇപ്പോൾ കേരള കോൺഗ്രസിന് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാവും. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചാൽ മുന്നണിയിൽ തിരിച്ചെടുക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും ബെന്നി ബെഹന്നാൻ വ്യക്തമാക്കി. ചർച്ചയിൽ നിന്ന് ജോസ് കെ മാണി വിഭാ​ഗം വിട്ടുനിൽക്കുന്നത് സർക്കാരിനെ സഹായിക്കുന്നതിനെ തുല്ല്യമാകുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. 

നേരത്തെ യുഡിഎഫ് എടുത്ത തീരുമാനം അംഗീകരിക്കാൻ ജോസ് കെ മാണി വിഭാഗം തയ്യാറായില്ല. അതുകൊണ്ട് മുന്നണിയിൽ തുടരാനുള്ള ധാർമികത അവർക്കില്ലെന്ന് കണ്ടതിനെ തുടർന്നാണ് ജോസ് കെ മാണി വിഭാഗത്തെ മാറ്റിനിർത്തിയിരിക്കുന്നത്. ഇപ്പോൾ സർക്കാരിനെതിരെ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. അതിൽ വീണ്ടും നിസഹകരിക്കാനാണ് തീരുമാനമെങ്കിൽ അനന്തര നടപടികൾ എന്താണെന്ന് യുഡിഎഫ് ആലോചിച്ച് തീരുമാനിക്കും. 

അവിശ്വാസ പ്രമേയത്തിൽ യുഡിഎഫ് എടുത്ത തീരുമാനത്തെ ലംഘിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. നടപടിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ല. തെറ്റായ തീരുമാനം തിരുത്താൻ ഇനിയും അവസരമുണ്ട്. ഞങ്ങൾ അത് ബോധ്യപ്പെടുത്താൻ ശ്രമിക്കും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്താൽ അവരെ തിരിച്ചെടുക്കുന്ന കാര്യം അപ്പോൾ ചർച്ച ചെയ്യാം. യുഡിഎഫിന്റെ തീരുമാനം ഉൾക്കൊള്ളാൻ മുന്നണിയിലെ അംഗമെന്ന നിലയിൽ കേരള കോൺഗ്രസിന് ബാധ്യത ഉണ്ട്. യുഡിഎഫിന്റെ നിലപാട് വളരെ വ്യക്തമാണെന്നും ബെന്നി ബെഹന്നാൻ പ്രതികരിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്