കേരളം

'ജഡ്ജിക്കെതിരെ ആക്ഷേപം വേണ്ട'; നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റില്ല, ഹര്‍ജി സുപ്രീം കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജഡ്ജിക്കെതിരെ അനാവശ്യമായി ആക്ഷേപം ഉന്നയിക്കരുതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാന്‍ സമയം വേണമെന്ന സര്‍്ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയെ സമീപിച്ചതായി പ്രോസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്ന് വിചാരണക്കോടതി നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷന്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷനും കോടതിയും സഹകരിച്ചു പോവണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. കേസില്‍ വിചാരണക്കോടതി മാറ്റേണ്ട സാഹചര്യം ഇല്ലെന്നും മതിയായ കാരണമില്ലാതെ കോടതി മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും അഭിപ്രായപ്പെട്ടാണ് ഹൈക്കോടതി കേസില്‍ തീര്‍പ്പു കല്‍പ്പിച്ചത്. 

വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും നടി ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. തന്നെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിച്ചിട്ടും വിചാരണക്കോടതി ഇടപെട്ടില്ലെന്ന്ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനും ഇതേ വാദം ഉന്നയിച്ചു.

കോടതി മുറിയില്‍ നടി കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാല്‍പ്പതോളം അഭിഭാഷകരുടെ മുന്നിലാണ് അപകീര്‍ത്തികരമായ ചോദ്യങ്ങള്‍ ഉണ്ടായതെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു. വനിതാ ജഡ്ജിയായിട്ടു പോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അനുവദിച്ചെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും കോടതി ഇടപെട്ടില്ല. പ്രോസിക്യൂഷനോട് മുന്‍വിധിയോടെയാണ് വിചാരണക്കോടതി പെരുമാറിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.

രഹസ്യവിചാരണ ചട്ടങ്ങള്‍ കോടതിയില്‍ ലംഘിക്കപ്പെട്ടു. ഇരയെ ക്രോസ് വിസ്താരം ചെയ്യുന്ന ഘട്ടത്തില്‍ നാല്‍പ്പതോളം അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. നടിയുടെ അന്തസ്സു കെടുത്തുന്ന വിധത്തില്‍ ചോദ്യങ്ങളുണ്ടായെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ പ്രതി ദിലീപ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തന്റെ വാദം കേള്‍ക്കാതെ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി