കേരളം

'രണ്ടില ജോസ് കൊണ്ട് പൊയ്‌ക്കോട്ടെ'; നല്ലത് ചെണ്ട; പാര്‍ട്ടി ചിഹ്നമാക്കാന്‍ പി ജെ ജോസഫ്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്ല വിജയം കൈവരിക്കാന്‍ കഴിഞ്ഞതായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി ജെ ജോസഫ്. ഇടുക്കിയില്‍ പാര്‍ട്ടി നല്ല മുന്നേറ്റം നടത്തിയെന്നും എന്നാല്‍ പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളില്‍ ചിലര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നും പി ജെ ജോസഫ് ആരോപിച്ചു. ഈ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായന്നും ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു.

ഇടുക്കി ജില്ലയില്‍ പാര്‍ട്ടി നല്ല മുന്നേറ്റമാണ് നടത്തിയത്.  ജില്ലാ പഞ്ചായത്തില്‍ 5 ഇടത്ത് മത്സരിച്ചതില്‍ 4 ഇടത്തും പാര്‍ട്ടി ജയിച്ചു. തൊടുപുഴ, കട്ടപ്പന നഗരസഭകള്‍ നിലനിര്‍ത്താനും സാധിച്ചു. തങ്ങള്‍ മത്സരിക്കുന്ന സീറ്റുകളില്‍ മനപൂര്‍വം ചിലര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതാണ് തിരിച്ചടിക്ക് കാരണമായത്. അതു കൊണ്ടാണ് ചിലയിടത്ത് തോറ്റത്. എന്തിനാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്ന് പരിശോധിക്കണം. തൊടുപുഴ നിയോജക മണ്ഡലത്തില്‍ 12-ല്‍ 10 പഞ്ചായത്തിലും യുഡിഎഫിന് മുന്നേറ്റമുണ്ട്.

ഇടുക്കിയില്‍ മാത്രം ചെണ്ട ചിഹ്നത്തില്‍ മത്സരിച്ച 87 പേര്‍ ജയിച്ചു. രണ്ടില ചിഹ്നത്തില്‍ 44 പേര്‍ മാത്രമാണ് ഇവിടെ വിജയം കണ്ടത്. ഇടുക്കിയില്‍ മെച്ചപ്പെട്ട സ്ഥിതിയാണ് പാര്‍ട്ടിക്കുള്ളത്. എന്നാല്‍ പാര്‍ട്ടി തകര്‍ന്നുവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ല. പാലാ നഗരസഭയില്‍ ജോസ് കെ മാണിക്ക് തനിച്ചു ഭൂരിപക്ഷമില്ല. 2015ല്‍ 17 സീറ്റ് ഉണ്ടായത് ഇക്കുറി 9 ആയി കുറയുകയാണ് ചെയ്തത്.  

പാലായിലെ പഞ്ചായത്തുകളില്‍ ഇടതു പക്ഷത്തിന് നേട്ടമുണ്ടാക്കാനായില്ല. ചങ്ങാനാശ്ശേരി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് മുന്നേറ്റമുണ്ടായി. കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ എല്ലാം നേട്ടമുണ്ടാക്കിയത് ജോസഫ് വിഭാഗമാണ്. പത്തനംതിട്ടയില്‍ ചെണ്ട ചിഹ്നത്തില്‍ 32 പേര്‍ ജയിച്ചു. രണ്ടിലയില്‍ ജയിച്ചത് 19 പേര്‍ മാത്രമാണ്. കോട്ടയത്ത് 100 ഇടത്ത് ജയിച്ചു. സംസ്ഥാനമാകെ 292 പേര്‍ പിജെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളായി മത്സരിച്ചു വിജയിച്ചു.

മധ്യ തിരുവിതാംകൂറില്‍ ജോസ് കെ മാണി വിഭാഗം എത്തിയത് കൊണ്ട് ഒരു നേട്ടവും എല്‍ഡിഎഫ് ഉണ്ടാക്കിയിട്ടില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ അനുവദിച്ചു കിട്ടിയ ചെണ്ട ചിഹ്നം തുടരണോ എന്ന് ആലോചിക്കുകയാണ്. ചെണ്ട രണ്ടിലയേക്കാള്‍ നല്ല ചിഹ്നമാണ്. പാര്‍ട്ടി ചിഹ്നം ആക്കിയാലോ എന്ന് ആലോചിക്കുന്നുണ്ട്.

രണ്ടില ജോസ് കൊണ്ട് പൊയ്‌ക്കോട്ടെ, തെരഞ്ഞെടുപ്പില്‍ തോറ്റ ചിഹ്നമാണ് രണ്ടില. തൊടുപുഴയില്‍ കാല്‍ വാരിയത് ആരാണെന്ന് പരിശോധിച്ചു വരികയാണ്. പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ അച്ചടക്കം വേണം. നേതൃത്വത്തിന് പ്രശ്‌നങ്ങളുള്ളതായി പരാതിയില്ല. ജോസിനെ തിരിച്ചു കൊണ്ടുവരണമെന്നുള്ള കോണ്‍ഗ്രസ്  നേതാക്കളുടെ പുതിയ ആവശ്യം മധ്യകേരളത്തിലെ സ്ഥിതി പഠിക്കാത്തത് കൊണ്ടാണ്. തോല്‍വിക്ക് ഇടുക്കി  കോണ്‍ഗ്രസിലെ ഭിന്നത കാരണമായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി