കേരളം

മുസ്ലിങ്ങളെ കെട്ടിപ്പിടിച്ചാല്‍ പ്രശ്‌നം തീരില്ല ; സര്‍ക്കാരിന്റേത് ഭൂലോക തള്ളെന്ന് കെ എം ഷാജി ; നിയമസഭയില്‍ വാഗ്വാദം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് സെന്‍സസ് നടപ്പാക്കുന്നതില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍സസില്‍ അപാതകയില്ല. നടപടികള്‍  നിര്‍ത്തിവെക്കാനാകില്ല. സെന്‍സസിന് ദേശീയ പൗരത്വ രജിസ്റ്ററിമായി (എന്‍പിആര്‍) ബന്ധമില്ല. സെന്‍സസ് നടപ്പാക്കുന്നതില്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും, നിയമസഭയില്‍ കെ എം ഷാജിയുടെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ മുഖ്യമന്ത്രി പറഞ്ഞു.

സെന്‍സസും പൗരത്വ രജിസ്റ്ററും രണ്ടും രണ്ടാണ്. അതില്‍ ആശയക്കുഴപ്പം വേണ്ട. സെന്‍സസ് നടത്തില്ല എന്ന നിലപാട് ശരിയല്ല. സംസ്ഥാനത്ത് സെന്‍സസില്‍ നിന്ന് എന്‍പിആര്‍ ബന്ധമുള്ള എല്ലാ ചോദ്യങ്ങളും ഒഴിവാക്കും. സര്‍ക്കാര്‍ ചെയ്യുന്നത് എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. പ്രതിപക്ഷം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആശങ്ക കൊണ്ടല്ല, മറ്റു പല ലക്ഷ്യങ്ങളുമായാണ് കെ എം ഷാജി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങള്‍ നിങ്ങള്‍ എന്ന പേരില്‍ ഷാജി വര്‍ഗീയത പടര്‍ത്തുന്ന തരത്തില്‍ സംസാരിച്ചത് ഉചിതമായില്ല. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രശ്‌നമായല്ല സര്‍ക്കാര്‍ വിഷയം എടുത്തതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഷാജിയുടെ വാക്കുകള്‍ എസ്ഡിപിഐയുടെ വാക്കുകളാണെന്ന് ചര്‍ച്ചയില്‍ ഇടപെട്ട മന്ത്രി വി എസ് സുനില്‍കുമാര്‍ ആരോപിച്ചു.

സെന്‍സസ് നടപടിയില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ വിഷയം ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാരിന് സഹായകമായ വിവരങ്ങളാണ് സെന്‍സസിലൂടെ ശേഖരിക്കുന്നത്. ഇത് മുസ്ലിം വിഷയമല്ല, രാജ്യത്തെയാകെ ബാധിക്കുന്ന വിഷയങ്ങളാണെന്നും നോട്ടീസ് അവതരിപ്പിച്ച കെ എം ഷാജി അഭിപ്രായപ്പെട്ടു. മുസ്ലിങ്ങളെ കെട്ടിപ്പിടിച്ചതുകൊണ്ടുമാത്രം പ്രശ്‌നം ഇലലാതാകില്ല. നിലവിലെ സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആറിലേക്ക് പോകാന്‍ കഴിയും. സെന്‍സസ് മാത്രമേ ഉള്ളൂ, എന്‍പിആര്‍ ഇല്ല എന്നുപറയുന്നത് ഭൂലോക തള്ളെന്നും ഷാജി അഭിപ്രായപ്പെട്ടു.

നേരത്തെ കെ എം ഷാജിയുടെ അടിയന്തരപ്രമേയ നോട്ടീസിനെ പാര്‍ലമെന്ററികാര്യമന്ത്രി എ കെ ബാലന്‍ എതിര്‍ത്ത് ക്രമപ്രശ്‌നം ഉന്നയിച്ചത് സഭയില്‍ സ്പീക്കറും മന്ത്രിയും തമ്മിലുള്ള രൂക്ഷമായ വാദപ്രതിവാദത്തിനും വഴിവെച്ചു. തെരഞ്ഞെടുപ്പ് കേസ് കോടതിയില്‍ ഉള്ളതിനാല്‍ കെ എം ഷാജിക്ക് നോട്ടീസ് അവതരിപ്പിക്കാനാകില്ലെന്നാണ് മന്ത്രി ബാലന്‍ ക്രമപ്രശ്‌നം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാല്‍ ഷാജിക്ക് വോട്ടവകാശമില്ല. പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് ഉണ്ടായാല്‍ ഷാജിക്ക് വോട്ടു ചെയ്യാനാകില്ല. അതിനാല്‍ നോട്ടീസ് ചട്ടപ്രകാരമല്ലെന്ന് ബാലന്‍ വാദിച്ചു.

എന്നാല്‍ മന്ത്രിയുടെ വാദം സ്പീക്കര്‍ തള്ളി. ഷാജിക്ക് വോട്ടവകാശമില്ലെന്നത് ശരിയാണ്. എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതില്‍ വിലക്കില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. മന്ത്രി ബാലന്റേത് ബാലിശമായ വാദമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമാണ്. നിയമത്തിന്റെ ബാലപാഠം നിയമമന്ത്രിക്ക് അറിയില്ലെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്ന് കെ എം ഷാജിയും ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍