കേരളം

'ഇങ്ങനെ പ്രതികരിക്കേണ്ട കാര്യമില്ല, കാര്യങ്ങള്‍ നിയമസഭയില്‍ പറയാം': പൊലീസിനെതിരായ സിഎജി പരാമര്‍ശത്തില്‍ മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ആയുധങ്ങള്‍ കാണാതായത് ഉള്‍പ്പെടെ പൊലീസിനെതിരായ സിഎജിയുടെ ഗുരുതരമായ കണ്ടെത്തലുകളെ കുറിച്ച് നിയമസഭയില്‍ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'വിഷയത്തില്‍ ഇങ്ങനെ പ്രതികരിക്കേണ്ട കാര്യമില്ല. അതിന് അതിന്റേതായ നടപടിക്രമം ഉണ്ട്. ഞാന്‍ അസംബ്ലിയില്‍ തന്നെ ഇക്കാര്യം പറഞ്ഞതല്ലേ. അവിടെ കാര്യങ്ങള്‍ പറയാം. അതാണ് നല്ലത്.'-  പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.

സിഎജിയുടെ ഗൗരവമായ കണ്ടെത്തലുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയോ എന്ന ചോദ്യത്തിന്  തന്റെ കയ്യില്‍ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുമോ എന്ന ചോദ്യത്തിന് പിണറായി ചിരിച്ച് തളളി. സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് നമുക്കുവേറെ പരിശോധിക്കാമെന്നാണ് ഇന്നലെ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍, മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ മുഖ്യമന്ത്രി ഇത് ആവര്‍ത്തിക്കുകയാണ് ചെയ്തത്. 'സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് നമുക്ക് വേറെ പരിശോധിക്കാം. അതുപരിശോധിക്കാന്‍ അതിന്റേതായ രീതികളുണ്ട്. അതിനെ ആ വഴിക്ക് വിടാം.'- പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്.

അതേസമയം സിഎജിയുടെ റിപ്പോര്‍ട്ടില്‍ തനിക്കും പൊലീസ് സേനയ്ക്കും നേരെ ഉണ്ടായ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹറയുടെ പ്രതികരണം. ഇപ്പോള്‍ പ്രതികരിക്കുന്നത് ഉചിതമാവില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. 'ഇക്കാര്യങ്ങളില്‍ ഞാന്‍ ഒന്നും പറയാന്‍ പോവുന്നില്ല. അത് ഉചിതമല്ല'- പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഡിജിപി പറഞ്ഞു.

പൊലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേടുകള്‍ നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തികനഷ്ടമുണ്ടാക്കുന്നതും സേനയുടെ അച്ചടക്കം ഇല്ലാതാക്കുന്നതും ദേശസുരക്ഷയെ ബാധിക്കുന്നതുമായ ഗുരുതരവീഴ്ചകളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. കാണാതായവയില്‍ 250 തിരകളുടെ കുറവ് കണ്ടുപിടിക്കാതിരിക്കാന്‍ ഡമ്മി വെടിയുണ്ടകള്‍ വച്ചു. ഇതിന്റെ ചിത്രംസഹിതമാണ് സിഎജി റിപ്പോര്‍ട്ട്.

സെല്‍ഫ് ലോഡിങ് റൈഫിളുകള്‍ക്കായുള്ള 7.62 എം. എം. എം. 80 വെടിയുണ്ടകള്‍ നേരത്തെതന്നെ കുറവുണ്ടായിരുന്നു. ഈ വിവരം മൂടിവെക്കാനുള്ള ശ്രമവും പൊലീസ് നടത്തിയതായി കണ്ടെത്തി. പൊലീസിന്റെ പക്കലുള്ള എല്ലാ ആയുധങ്ങളെയും സംബന്ധിച്ച് കൃത്യമായ വിവരം സൂക്ഷിക്കുന്നുണ്ടെന്നതിന് ഒരു ഉറപ്പുമില്ലെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.

കൂടാതെ, വിഐപി, വിവിഐപി സുരക്ഷയ്ക്ക് വാഹനങ്ങള്‍ വാങ്ങിയതിന് ഒരു വ്യവസ്ഥയും സംസ്ഥാന പൊലീസ് മേധാവി ബെഹ്‌റ പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇസെഡ് പ്ലസ് കാറ്റഗറിയുള്ള വിവിഐപികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്‌റ്റോര്‍ പര്‍ച്ചേഴ്‌സ് മാന്വല്‍ പാലിക്കാതെ 1.10 കോടിക്ക് രണ്ട് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയെന്നും പൊലീസ് സേനയുടെ നവീകരണത്തിനുനല്‍കിയ പണം ഉപയോഗിച്ച് ആഡംബര കാറുകള്‍ വാങ്ങിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് സ്‌റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കാനെന്നപേരില്‍ 269 ലൈറ്റ് മോട്ടാര്‍വാഹനങ്ങള്‍ അനുമതിയില്ലാതെ വാങ്ങി. ഇതില്‍ 41 എണ്ണവും ഉന്നത ഉദ്യോഗസ്ഥര്‍ക്കായുള്ള ആഡംബര കാറുകളാണ്. എസ്‌ഐ, എഎസ്‌ഐമാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയാനുള്ള തുക സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പൊലീസ് മേധാവി വകമാറ്റി. ഈ ഇനത്തില്‍ 2.81 കോടി രൂപ ചെലവിട്ടത് പൊലീസ് മേധാവിക്കും എഡിജിപിക്കും വില്ലകള്‍ പണിയാനാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ