കേരളം

'അതുകൊണ്ടാണ് എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ ഇത്രയും അരുണിമ നിന്‍ കവിളില്‍ എന്നെഴുതിയത്'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമാഗാനരചനയില്‍ ഒട്ടേറെ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനായെന്നും അതുകൊണ്ടാണ് ആദ്യഗാനമെഴുതി 53 വര്‍ഷത്തിനുശേഷവും ഇന്ന് ഈ വേദിയില്‍ ഇങ്ങനെ നില്‍ക്കാന്‍ പറ്റുന്നതെന്ന് ശ്രീകുമാരന്‍ തമ്പി. കൃതി പുസ്തകോത്സവത്തില്‍ ഗാനരചനയുടെ തച്ചുശാസ്ത്രം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പല്ലവിയുടെ ഈണം അനുപല്ലവിയിലും ചരണത്തിലും വെവ്വേറെ വരികളോടെ ആവര്‍ത്തിക്കുന്ന രീതി, വൃത്തനിബദ്ധമല്ലാത്ത രചനാ രീതി എന്നിവ അവയില്‍ ചിലതാണ്. മറ്റു പലരേയും അപേക്ഷിച്ച് തനിക്കുള്ള സംഗീതത്തിലുള്ള അറിവ് ഇതിനു സഹായിച്ചു. ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന ഗാനം മുഴുവന്‍ ഏതാണ്ട് ഒരേ താളത്തിലും വൃത്തത്തിലുമാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ സുഖമെവിടെ ദു:ഖമെവിടെ, നിന്‍ മണിയറയിലെ തുടങ്ങിയ ഗാനങ്ങളില്‍ തുടക്കത്തില്‍ വരുന്ന വൃത്തം ഭേദിച്ചു പുറത്തു കടന്നുള്ള പരീക്ഷണങ്ങള്‍ നടത്തി. 
ദക്ഷിണാമൂര്‍ത്തിസ്വാമിയേയും എം കെ അര്‍ജുനനേയും പോലുള്ള സംഗീതജ്ഞരുടെ പിന്തുണയോടെ അവ ഹിറ്റ് ഗാനങ്ങളുമായി. വൃത്തം നോക്കി തിരുത്തരുത് എന്നു പറയാനുള്ള അടുപ്പം അര്‍ജുനനോടുണ്ടായിരുന്നു. ഒരു സിനിമയിലെ ഒരു ഗാനത്തിന്റെ പല്ലവിയില്‍ത്തന്നെ കഥയുടെ രത്‌നച്ചുരുക്കം നല്‍കിയ ഒട്ടേറെ ഗാനങ്ങളും എഴുതിയെന്നും അദ്ദേഹം ഓര്‍മിച്ചു. 

കഥകളിപ്പദങ്ങളാണ് മലയാളത്തിലെ ഗാനങ്ങളുടെ തൊട്ടുമുന്‍പുള്ള മുന്‍ഗാമി. ഒട്ടേറെ മധുരമധുരങ്ങളായ ലളിതഗാനങ്ങളും എഴുതിയിട്ടുള്ള ശ്രീകുമാരന്‍ തമ്പി ലളിതഗാന രചനയില്‍ എഴുത്തുകാരന്‍ പൂര്‍ണസ്വതന്ത്രനാണെന്നു ചൂണ്ടിക്കാണിച്ചു. എന്നാല്‍ സിനിമയില്‍ ഇതിവൃത്തം, കഥാപാത്രത്തിന്റെ പശ്ചാത്തലം, സംവിധായകന്‍, നിര്‍മാതാവ്, നിര്‍മാതാവിന്റെ സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ ഉന്നയിക്കുന്ന നിബന്ധനകളുണ്ട്. ഹൃദയസരസ്സിലെ പ്രണയപുഷ്‌മേ എന്ന ഹിറ്റ് ഗാനമുള്ള പാടുന്ന പുഴ എന്ന സിനിമയിലെ നായകന്‍ ചിത്രകാരനാണ്. അതുകൊണ്ടാണ് എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ ഇത്രയും അരുണിമ നിന്‍ കവിളില്‍ എന്നെഴുതിയത്. എന്നാല്‍ വളവില്‍പ്പനക്കാരന് പാടാനുള്ള പാട്ടെഴുതിയപ്പോള്‍ ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍ നാലണയ്ക്ക് വളയും വാങ്ങി നീ നടന്നപ്പോള്‍ എന്നെഴുതി. എന്നാല്‍ അപ്പോഴും നാലായിരം പവനരുകും നിന്റെ മേനയില്‍ ഒരു നല്ല കസവ്‌നേരിയതാകാന്‍ ഞാന്‍ കൊതിച്ചു പോയി എന്ന തന്റേതായ മുദ്ര പതിഞ്ഞ ഒരു വരി എഴുതാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍