കേരളം

'ബിജെപിയുടെ ഉള്ളിയുടെ തൊലി ഇത്രയും കാലം അവര്‍ തന്നെയാണ് പൊളിച്ചത്, ഇനിയും അവര്‍ തന്നെ പൊളിച്ചോളും'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതില്‍ പരിഹാസ പ്രതികരണവുമായി കെ മുരളീധരന്‍ എംപി. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ് പൊളിച്ചത്, ഇനിയും അവര്‍ തന്നെ അത് പൊളിച്ചോളുമെന്ന് മുരളീധരന്‍ പരിഹസിച്ചു. 

മോദിയുടെ നല്ല കാലത്ത് പോലും കേരളത്തില്‍ ബിജെപി രക്ഷപ്പെട്ടിട്ടില്ല, എന്നിട്ടാണോ ഇപ്പോള്‍ എന്ന് മുരളീധരന്‍ ചോദിച്ചു. കേരളത്തില്‍ ബിജെപിയുടെ സ്ഥിതി, പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണിയും എന്ന സ്ഥിതിയിലാണെന്നും മുരളീധരന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ച് രാവിലെയാണ് ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ പ്രഖ്യാപനം നടത്തിയത്. അഡ്വ. പി എസ് ശ്രീധരന്‍പിള്ളയുടെ പിന്‍ഗാമിയായാണ് കെ സുരേന്ദ്രന്‍ പാര്‍ട്ടി പ്രസിഡന്റ് പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത്. പാര്‍ട്ടിയില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള വടംവലിയെത്തുടര്‍ന്നാണ് സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നത് നീണ്ടുപോയത്.

സുരേന്ദ്രനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കാന്‍ വി മുരളീധരന്‍ പക്ഷം ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തിയിരുന്നത്. പി കെ കൃഷ്ണദാസ് പക്ഷം എം ടി രമേശിനെയാണ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടിയത്. മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭ സുരേന്ദ്രന്റെ പേരും അധ്യക്ഷപദവിയിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു.

കുമ്മനം രാജശേഖരന്‍ പാര്‍ട്ടി അധ്യക്ഷപദവി രാജിവെച്ച് മിസോറാം ഗവര്‍ണറായ സമയത്തും കെ സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായും കെ സുരേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി