കേരളം

അന്ന് ഞങ്ങള്‍ അങ്ങോട്ട് ആവശ്യപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതാണ്, ഒന്നും കണ്ടെത്തിയില്ല; കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുടുംബം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  തിരൂരില്‍ ഒരു വീട്ടിലെ ആറു കുട്ടികള്‍ ഒന്‍പതു വര്‍ഷത്തിനിടെ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കുടുംബം. കുട്ടികളുടെ മരണത്തിനു ഡോക്ടര്‍മാര്‍ക്കു പോലും കാരണം കണ്ടെത്താനായില്ലെന്നും നേരത്തെ ഒരു കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നെന്നും പിതാവിന്റെ സഹോദരി പറഞ്ഞു. 

നേരത്തെ പരിശോധനകള്‍ എല്ലാം നടത്തിയിരുന്നു. ഡോക്ടര്‍മാര്‍ക്ക ഒന്നും കണ്ടെത്താനായില്ല. മൂന്നാമത്തെ കുട്ടി മരിച്ചപ്പോള്‍ അങ്ങോട്ടു പോയി ആവശ്യപ്പെട്ട് പോസ്റ്റ് മോര്‍ട്ടം നടത്തിയതാണ്. അതിലും ഒന്നും കണ്ടെത്തിയില്ല. ഇപ്പോള്‍ അന്വേഷണം നടക്കുകയാണെങ്കില്‍ നടക്കട്ടെ. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ തീരുമല്ലോ- അവര്‍ പറഞ്ഞു.

രാവിലെ 6.10 വരെ കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് പെട്ടെന്നു മരിച്ചത്. എന്താണ് ഈ സമയത്ത് പറയുക? നേരത്തെ നാലര വയസുള്ള കുട്ടി നേരത്തെ വിളിക്കണം എന്നു പറഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്. പെട്ടെന്നു മരിക്കുകയായിരുന്നു. ഇടയ്‌ക്കെല്ലാം ഫിറ്റ്‌സ് പോലെ വരും. അല്ലാതെ ഒരു കുഴപ്പവുമില്ലാത്ത കുട്ടികളാണ്. ഞങ്ങള്‍ ഇതു കണ്ടുകൊണ്ടിരിക്കുകയാണ്. ആര്‍ക്കായാലും സംശയം തോന്നും. എന്തായാലും അന്വേഷിക്കട്ടെയന്ന് അവര്‍ പ്രതികരിച്ചു.

കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. തറമ്മല്‍ റഫീഖ് സബ്‌ന ദമ്പതികളുടെ ആറു മക്കളാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 93 ദിവസം പ്രായമുള്ള ഇളയ ആണ്‍കുട്ടി ഇന്നു രാവിലെയാണ് മരിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കുട്ടിയുടെ സംസ്‌കാരം നടന്നിരുന്നതായി എസ് പി അബ്ദുള്‍ കരീം പറഞ്ഞു.

കുട്ടികള്‍ മരിച്ചത് അപസ്മാരം മൂലമാണെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. രോഗം കണ്ടതോടെ തിരൂരില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നതായി അവര്‍ സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് അറിയുന്നതെന്ന് എസ് പി പറഞ്ഞു. കുട്ടിയുടെ മൃതദേഹം ഇന്നല്ലെങ്കില്‍ നാളെ തന്നെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇന്നുതന്നെ നടത്താനാണ് സാധ്യതയെന്നും എസ് പി പറഞ്ഞു. ബന്ധുവില്‍ ഒരാളാണ് പൊലീസില്‍ പരാതി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെയാണ് ആറ് കുട്ടികളും മരിക്കുന്നത്. എല്ലാവരും മരിച്ചത് അപസ്മാര രോഗത്തെ തുടര്‍ന്നാണെന്നാണ് ദമ്പതികള്‍ പൊലീസിനെ അറിയിച്ചത്. നാലു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. ഒരു കുട്ടിക്ക് നാലര വയസ്സുള്ളപ്പോഴും, മറ്റു കുട്ടികള്‍ എല്ലാം ഒരു വയസ്സിന് താഴെയും പ്രായമുള്ളപ്പോഴാണ് മരിച്ചതെന്ന് എസ് പി അറിയിച്ചു.

പോസ്റ്റ് മോര്‍ട്ടത്തിനായി ആര്‍ഡിഒ, പൊലീസ് സര്‍ജന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ സൗകര്യം പൊലീസ് തേടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും, എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാതാപിതാക്കള്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യും. മരിച്ചത് ചെറിയ കുട്ടികളായതിനാല്‍ മറ്റു തരത്തിലുള്ള പ്രചാരണം നടത്തരുതെന്നും എസ് പി അബ്ദുള്‍ കരീം അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?