കേരളം

പൊന്നുവിന്റെ ചേതനയറ്റ ശരീരം കണ്ട അച്ഛന്‍ കുഴഞ്ഞുവീണു ; വാവിട്ട് അലറിക്കരഞ്ഞ് അമ്മ ; തീരാനൊമ്പരത്തില്‍ നാട്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ മരിച്ച ദേവനന്ദ(പൊന്നു)യുടെ മൃതദേഹം കണ്ട അച്ഛന്‍ പ്രദീപ്കുമാര്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്കു മാറ്റി. മസ്‌കറ്റില്‍ ജോലിക്കാരനായ പ്രദീപ് ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് വീട്ടിലേക്ക് വന്ന പ്രദീപിനെ നാട്ടുകാര്‍ ചേര്‍ത്ത് പിടിച്ച് മൃതദേഹത്തിന് അരികിലേക്ക് എത്തിക്കുകയായിരുന്നു. 

മകളെ കാണാനില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രദീപ് ഇന്നലെ നാട്ടിലേക്ക് തിരിച്ചത്. മകളുടെ മൃതദേഹം കണ്ടതോടെ അമ്മ ധന്യ വാവിട്ട് പൊട്ടിക്കരഞ്ഞു. ഇതോടെ നാട് ഒന്നടങ്കം സങ്കടക്കടലായി. കണ്ടു നിന്നവരിലും നൊമ്പരമുണര്‍ത്തുന്നതായിരുന്നു ദേവനന്ദയുടെ മൃതദേഹം വീട്ടുകാരെ കാണിച്ചപ്പോഴുണ്ടായ നിമിഷങ്ങള്‍. 

ഇന്‍ക്വസ്റ്റിന് ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ണമായി വീഡിയോയില്‍ ചിത്രീകരിക്കുമെന്ന് ജില്ലാ കളക്ടറും പൊലീസ് കമ്മീഷണറും വ്യക്തമാക്കിയിരുന്നു. ദേവനന്ദയുടെ ശരീരത്തില്‍ മുറിവും ചതവുകളുമില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഇല്ല. അതുകൊണ്ടുതന്നെ മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. 

വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ തടയണ നിര്‍മിച്ചിരിക്കുന്നതിന് അപ്പുറത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് 500 മീറ്റര്‍ അകലെ നിന്നാണു മൃതദേഹം കണ്ടത്. ഈ ഭാഗത്തു ദേവനന്ദ വരാറില്ല. മൃതദേഹം കണ്ട സ്ഥലം വിജനമായ പ്രദേശമാണ്. ആറ്റിനു തീരത്തു കാടും റബര്‍ മരങ്ങളുമാണ്. അതുകൊണ്ടുതന്നെ ഇവിടെ നിന്നും മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 

ബന്ധുക്കളുടെയും നാട്ടുകാരുടെയും സംശയങ്ങള്‍ അടക്കം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ ടി നാരായണനും, അന്വേഷണ ചുമതലയുള്ള എസിപി അനില്‍കുമാറും അറിയിച്ചു. പുഴയില്‍ കാല്‍വഴുതി വീണതാണെഹ്കില്‍ത്തന്നെ, ഇവിടേക്ക് ഒഴുകിപ്പോകാന്‍ സാധ്യതയുണ്ടോയെന്നും മൃതദേഹം പിന്നീട് ഇവിടെ കൊണ്ടിട്ടതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് കുട്ടിയെ കാണാതായത്. ദേവനന്ദയും അമ്മ ധന്യയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു.

തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാല്‍ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ധന്യ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇന്നുരാവിലെ 7.35 ഓടെയാണ് ഇത്തിക്കരയാറ്റിൽ നിന്നും പൊലീസിലെ മുങ്ങൽ വിദ​ഗ്ധർ ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി