കേരളം

ഇറിഡിയം റൈസ് പുളളര്‍ നാസയ്ക്ക് വിറ്റ് കോടീശ്വരനാകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, പലതവണകളായി 80 ലക്ഷം വാങ്ങി; ക്രൈം നന്ദകുമാറിന്റെ പരാതിയില്‍ അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇറിഡിയം അടങ്ങിയ റൈസ് പുള്ളര്‍ നാസയ്ക്ക് വിറ്റ് കോടീശ്വരനാകാമെന്നു വിശ്വസിപ്പിച്ച് ക്രൈം മാസികയുടെ ഉടമ നന്ദകുമാറിനെ കബളിപ്പിച്ച് 80 ലക്ഷം രൂപയിലധികം തട്ടിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. ബംഗളൂരു ബന്‍ജാര ലേ ഔട്ടില്‍ താമസിക്കുന്ന ജേക്കബ് (55) ആണ് പിടിയിലായത്. വാഷിംഗ്ടണ്‍ കേന്ദ്രമായ ഗ്ലോബല്‍ സ്‌പേസ് മെറ്റല്‍സ് എന്ന സ്ഥാപനത്തിലെ മെറ്റലര്‍ജിസ്റ്റ് ആണെന്നും ഭാഭാ അറ്റോമിക് റിസര്‍ച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.വര്‍ഷങ്ങളായി രാജ്യത്ത് പലരില്‍ നിന്നും ഇയാള്‍ ഈ രീതിയില്‍ പണം തട്ടിയതായി പൊലീസ് പറഞ്ഞു. 

ക്രൈം മാസികയുടെ ഉടമ നന്ദകുമാറിന്റെ പരാതിയിലാണ് ഇയാളെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 2016 ലാണ് ഇടനിലക്കാര്‍ വഴി, നന്ദകുമാറിന് റൈസ് പുള്ളര്‍ നല്‍കാമെന്ന് പറഞ്ഞ് ആദ്യം കബളിപ്പിച്ചത്. കോയമ്പത്തൂരിലെ ഒരു വീട്ടില്‍ കോടികള്‍ വില വരുന്ന, ആണവ ശേഷിയുള്ള ഇറിഡിയം റൈസ് പുള്ളറുണ്ടെന്നും അത് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ സര്‍ക്കാരിന്റെ സഹായത്തോടെ നാസയ്ക്കു വില്‍ക്കാമെന്നുമായിരുന്നു വാഗ്ദാനം. ഇടനിലക്കാര്‍ ഇത് പരിശോധിക്കാന്‍ നന്ദകുമാറുമായി സ്ഥലത്തെത്തി അവിടേക്ക് ജേക്കബിനെ വിളിച്ചു വരുത്തുകയായിരുന്നു.

സ്ഥലത്തെത്തിയ ജേക്കബ് റൈസ് പുള്ളര്‍ പരിശോധിക്കാന്‍ ആന്റി റേഡിയേഷന്‍ കിറ്റ് വേണമെന്നും അതുമായി വരാമെന്നും ടെസ്റ്റ് ചെയ്യാനായി 25 ലക്ഷം രൂപ വേണമെന്നും പറഞ്ഞ് ആഗ്യ ഗഡു തുക സ്വന്തമാക്കി. പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ നാസയ്ക്കു ഒരു ലക്ഷം കോടി രൂപയ്ക്കു വില്‍ക്കാമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാല്‍ പരിശോധനയ്ക്കു ശേഷം ആ റൈസ് പുള്ളറിന് പവര്‍ ഇല്ലെന്നു പറഞ്ഞു വീണ്ടും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ റൈസ് പുള്ളര്‍ കാണിക്കാനായി കൊണ്ടു പോയി. ഓരോ തവണയും പരിശോധനാ ചാര്‍ജായി വന്‍തുക കൈക്കലാക്കി.

തട്ടിപ്പിന് വീടിന്റെ ഉടമസ്ഥര്‍ ഉള്‍പ്പെടെ പലരും കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തി. ഒടുവില്‍ തട്ടിപ്പ് മനസ്സിലായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. എറണാകുളത്ത് ഒരു പഴയ വീട്ടില്‍ റൈസ് പുള്ളര്‍ ഉണ്ടെന്നും അതു പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് തന്നാല്‍ 25 ലക്ഷം രൂപ തരാമെന്നും പറഞ്ഞ് പൊലീസ് വിരിച്ച വലയില്‍ ഇയാള്‍ വീഴുകയായിരുന്നു. ഇതു വിശ്വസിച്ച് പ്രതി ബംഗളൂരുവില്‍നിന്ന് എറണാകുളത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാളില്‍നിന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ആന്റി റേഡിയേഷന്‍ കിറ്റ് ആണെന്ന് പറഞ്ഞു കൊണ്ടുവന്ന, ഫയര്‍ സര്‍വീസുകാര്‍ ഉപയോഗിക്കുന്ന മേല്‍വസ്ത്രവും കണ്ടെത്തി. ഇയാളുടെ കൂട്ടാളികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി