കേരളം

ബാല്യം ഇല്ലായ്മ നിറഞ്ഞത്, ഇരുമ്പുകടയില്‍ ദിവസക്കൂലിക്കാരന്‍; 70കളുടെ അവസാനം ഗള്‍ഫില്‍ എത്തിയതോടെ വര തെളിഞ്ഞു; തമ്പിയുടേത് ഞെട്ടിപ്പിക്കുന്ന ബിസിനസ് വളര്‍ച്ച 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ വ്യവസായി സി സി തമ്പിയുടെ ബിസിനസ് വളര്‍ച്ച ഞെട്ടിപ്പിക്കുന്നത്. തൃശൂര്‍ ജില്ലക്കാരനായ തമ്പി 20കളുടെ മധ്യത്തില്‍ ഗള്‍ഫിലേക്ക് ചേക്കേറിയതോടെയാണ് വര തെളിഞ്ഞത്. യുഎഇയിലെ അജ്മനില്‍ അല്ലറചില്ലറ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തമ്പി, റിയല്‍ എസ്റ്റേറ്റ് രംഗത്തേയ്ക്ക് കാലൂന്നിയതോടെ, പിന്നീട് കണ്ടത് ത്വരിതഗതിയിലുളള വളര്‍ച്ച. കേരളത്തില്‍ എന്നല്ല, വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇഷ്ട തോഴനാണ് തമ്പി. ഈ ബന്ധങ്ങള്‍ ഉപയോഗിച്ച് ബിസിനസ് സാമ്രാജ്യം വികസിപ്പിച്ച് മുന്നേറുന്നതിനിടെയാണ് അറസ്റ്റ്. 

കുന്നംകുളം അക്കിക്കാവ്- പഴഞ്ഞി റോഡില്‍ കോട്ടോല്‍ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിനു സമീപമാണു വീട്. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോട്ടോല്‍ ചെറുവത്തൂര്‍ വീട്ടില്‍ ചാക്കുട്ടിയുടെ മകനായ തമ്പിയുടെ ബാല്യം ഇല്ലായ്മ നിറഞ്ഞതായിരുന്നു. ചങ്ങരംകുളത്ത് ഇരുമ്പുകടയിലും പിന്നീട് കുന്നംകുളത്ത് ഇലക്ട്രിക് കടയിലും ദിവസക്കൂലിക്കു ജോലി ചെയ്തു. നാട്ടിലെ സുഹൃത്തുകളുടെ സഹായത്തോടെ ഗള്‍ഫിലേക്കു പോയതോടെ ജീവിതം മാറി.

70കളുടെ അവസാനം യുഎഇയിലെ അജ്മാന്‍ കേന്ദ്രീകരിച്ച് നടത്തിയ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് വിജയിച്ചതോടെയാണ് തമ്പിയുടെ വര തെളിഞ്ഞത്. ഹോളിഡേ കണ്‍സ്ട്രക്ഷന്‍ എന്ന പേരില്‍ ചെറിയ വര്‍ക്കുകള്‍ ഏറ്റെടുത്തായിരുന്നു തുടക്കം. യുഎഇയില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയുടെ സുവര്‍ണകാലഘട്ടമായിരുന്നു അന്ന്. അജ്മനിലും ഷാര്‍ജയിലും ഹോളിഡേ കണ്‍സ്ട്രക്ഷന്‍ ഏറ്റെടുത്ത ജോലികളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ഹോട്ടല്‍, റീട്ടെയില്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്ന വ്യവസായ പ്രമുഖന്‍ എന്ന നിലയിലേക്കുളള വളര്‍ച്ചയാണ്‌
പിന്നീട് കണ്ടത്. 

 'സ്വരലയ' യുഎഇ രക്ഷാധികാരി തുടങ്ങിയ ചുമതലകളിലൂടെ പ്രവാസി സംഘടനാ രംഗത്തും സജീവമായി.കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ലോക കേരള സഭയില്‍ 2018 ല്‍ പ്രത്യേക ക്ഷണിതാവായിരുന്നു. കേരളത്തില്‍ തമ്പി എറ്റവും കൂടുതല്‍ മുതല്‍മുടക്കിയത് റിയല്‍ എസ്‌റ്റേറ്റ് രംഗത്താണ്. കേരളത്തില്‍ ഏക്കര്‍ കണക്കിന് കൃഷി ഭൂമി ഇദ്ദേഹം വാങ്ങിക്കൂട്ടി. പാര്‍ട്ടി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ക്കും സമുദായ സംഘടനകള്‍ക്കും സഹായങ്ങളും നല്‍കി. കേരളത്തിന് പുറമേ ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ രാഷ്ട്രീയനേതാക്കളുമായും നല്ലബന്ധമാണ് തമ്പിക്ക് ഉളളതെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കുന്നംകുളം വെള്ളറക്കാട്ടു മകന്റെ പേരില്‍ തുടങ്ങിയ തേജസ് എന്‍ജിനീയറിങ് കോളജിന് എഐസിടിഇ അനുമതി നേടിയതു വഴിവിട്ടാണെന്നു പറഞ്ഞ് 2009 ല്‍ സിബിഐ തമ്പിയെ തേടിയെത്തിയിരുന്നു. തമ്പി ചെയര്‍മാനായ ഫൗണ്ടേഷന്റെ ഭരണത്തിലുള്ള മറ്റൊരു കോളജിനെതിരെയും ആരോപണമുയര്‍ന്നു. സ്ഥല, കെട്ടിട സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും വ്യാജ സത്യവാങ്മൂലം നല്‍കി അനുമതി തരപ്പെടുത്തിയെന്നായിരുന്നു പരാതി. 

എഐസിടിഇ സൗത്ത് വെസ്റ്റ് റീജന്‍ ഡയറക്ടര്‍ മഞ്ജു സിങ് അടക്കമുള്ളവര്‍ പ്രതികളായി. തമ്പിയുടെ ഓഫിസ് സിബിഐ റെയ്ഡ് ചെയ്തു. മഞ്ജു സിങ്ങിനു വന്‍തുക കോഴ കൊടുത്തതിന്റെ രേഖകള്‍ കിട്ടിയതായും പറഞ്ഞു. തെളിവുകളില്ലെന്നു പറഞ്ഞ് സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നതാണു പിന്നീട് കണ്ടത്. എന്നാല്‍ 2017 ജനുവരിയില്‍ ഈ കേസ് സിബിഐ വീണ്ടും തുറന്നു.ഇന്ത്യയിലും ഗള്‍ഫിലുമായി ഒന്നിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്പിയുടെ ഉടമസ്ഥതയിലുണ്ട്.

2009 മുതല്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു തമ്പി. 2012ല്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തമ്പിക്ക് നോട്ടീസ് നല്‍കിയിരുന്നു. 2016ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. 288 കോടി രൂപയുടെ പണമിടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന തമ്പിയെ, റോബര്‍ട്ട് വാദ്രയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി തവണ ചോദ്യം ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി