കേരളം

"തോക്കുമായി ഇറങ്ങിയത് ​ഗോഡ്സെയുടെ പ്രേതം; അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി കാത്തിരിക്കുന്നു"

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജാമിയാ മിലിയയിലെ സമരക്കാർക്കെതിരെ വെടിവയ്പ്പുണ്ടായ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് മന്ത്രിയുടെ വിമർശനം. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽത്തന്നെ ജാമിയാ മിലിയയിലെ സമരക്കാർക്കെതിരെ വെടിയുണ്ട പാഞ്ഞതിൽ അത്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാർ ഇന്ത്യയിൽ വിതയ്ക്കുന്ന വെറുപ്പിന്റെ വിളവെടുപ്പ് ഇങ്ങനെയായിരിക്കും എന്ന് നേരത്തെ പ്രവചിക്കപ്പെട്ടതാണെന്നും അദ്ദേഹം കുറിച്ചു.

മത സഹിഷ്ണുത എന്ന ആശയത്തിന് ഗാന്ധിജിയ്ക്ക് ഗോഡ്സെ സമ്മാനിച്ചതും വെടിയുണ്ടയായിരുന്നു. 72 വർഷങ്ങൾക്കു ശേഷം ഗോഡ്സെയുടെ പ്രേതം ജാമിയാ നഗറിൽ തോക്കുമായി ഇറങ്ങി. മറുവശത്ത് സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികളാണെന്നും വെടിയുതിർത്ത അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണ് രാജ്യമെന്നും തോമസ് ഐസക്ക് കുറിച്ചു.

കുറിപ്പിന്റെ പൂർണ രൂപം

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽത്തന്നെ ജാമിയാ മിലിയയിലെ സമരക്കാർക്കെതിരെ വെടിയുണ്ട പാഞ്ഞതിൽ അത്ഭുതമില്ല. സംഘപരിവാർ ഇന്ത്യയിൽ വിതയ്ക്കുന്ന വെറുപ്പിന്റെ വിളവെടുപ്പ് ഇങ്ങനെയായിരിക്കും എന്ന് നേരത്തെ പ്രവചിക്കപ്പെട്ടതാണ്. തോക്കും വടിവാളുമേന്തി യജമാനന്മാരുടെ ആജ്ഞയ്ക്ക് കാതോർത്തു നിൽക്കുന്ന ഒരു ഗുണ്ടാപ്പട അണിയറയിൽ എപ്പോഴേ സജ്ജമാണ്.

ലക്ഷണമെല്ലാ കൃത്യമാണ്. ജയ് ശ്രീറാം വിളിച്ചായിരുന്നു വെടിവെപ്പ്. തോക്കേന്തിയവൻ ചൊരിഞ്ഞ ഓരോ വാക്കും വെറുപ്പിന്റെ വെടിയുണ്ടകളായിരുന്നു. "ഞാൻ തരാം സ്വാതന്ത്ര്യം" എന്നാണയാൾ അലറിയതത്രേ. ആസാദി മുദ്രാവാക്യങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം ഓർമ്മിക്കുക.

അക്രമിയും യുപിക്കാരനാണെന്ന് വാർത്തകൾ.
പൌരത്വപ്രക്ഷോഭത്തിനെതിരെ രാജ്യത്തലയടിക്കുന്ന പ്രക്ഷോഭം തികച്ചും സമാധാനപരമാണ്. എവിടെയും അക്രമങ്ങളില്ല. പാട്ടുപാടിയും പ്രസംഗിച്ചും കലാപ്രകടനങ്ങൾ നടത്തിയുമാണ് സമരക്കാർ തങ്ങൾക്കനുകൂലമായ ജനകീയാഭിപ്രായം സ്വരൂപിക്കുന്നത്. സമരം സമാധാനപരമായതുകൊണ്ട് പോലീസിന് അധികം റോളില്ല.

എന്നാൽ ഈ സമരം സംഘപരിവാർ അനുകൂലികളിൽ സൃഷ്ടിക്കുന്ന അസഹിഷ്ണുത നോക്കൂ. തങ്ങൾക്കെതിരെ മുദ്രാവാക്യങ്ങളുയരുന്നതിൽ വല്ലാത്ത അസ്വസ്ഥതയിൽ പുകയുകയാണവർ. എതിർപക്ഷത്തു നിൽക്കുന്നവർ ഏതു സമയത്തുവേണമെങ്കിലും ഇക്കൂട്ടരാൽ ആക്രമിക്കപ്പെടാം. ജെഎൻയുവിൽ ഒരു സംഘം ഗുണ്ടകളാണ് സമരക്കാർക്കെതിരെ അഴിഞ്ഞാടിയതെങ്കിൽ ഇവിടെ തോക്കേന്തിയ ഗുണ്ട ഒറ്റയ്ക്കെത്തി.

പതിവുപോലെ പോലീസ് നോക്കി നിന്നു. അക്രമിയെ കീഴ്പ്പെടുത്താനോ പിന്തിരിപ്പിക്കാനോ ആക്രമിക്കപ്പെടുന്നവർക്ക് സംരക്ഷണം നൽകാനോ പോലീസ് തയ്യാറായില്ല. നിഷ്ക്രിയത്വം കൊണ്ടാണ് പ്രോത്സാഹനം.

ധാബോൽക്കറും പൻസാരയും കൽബുർഗിയും ഗൌരി ലങ്കേഷും വെടിയേറ്റു വീണത് ഏതെങ്കിലും അക്രമസമരങ്ങളിൽ ഭാഗഭാക്കായതുകൊണ്ടല്ല. അവരുടെ ആശയങ്ങളാണ് അക്രമികളെ അസ്വസ്ഥരാക്കിയത്. അത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നവർ കൊല്ലപ്പെടേണ്ടവരാണെന്ന് തീരുമാനിക്കുന്ന ഒരു സംഘം ഗുണ്ടകൾ നാട്ടിൽ സജീവമാണ്. ആശയങ്ങൾക്കുള്ള ശിക്ഷ വെടിയുണ്ടയാണ് എന്ന തീർപ്പിലേയ്ക്ക് ഒരു സംഘപരിവാറുകാരനെ എത്തിക്കുന്ന പ്രക്രിയയുണ്ട്. ആ പ്രക്രിയയാണ് മോദിയും അമിത്ഷായും യോഗി ആദിത്യനാഥുമെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്.

മതസഹിഷ്ണുത എന്ന ആശയത്തിന് ഗാന്ധിജിയ്ക്ക് ഗോഡ്സെ സമ്മാനിച്ചതും വെടിയുണ്ടയായിരുന്നു. എഴുപത്തിരണ്ടു വർഷങ്ങൾക്കു ശേഷം ഗോഡ്സെയുടെ പ്രേതം ജാമിയാ നഗറിൽ തോക്കുമായി ഇറങ്ങി. മറുവശത്ത് സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികൾ.

വെടിയുതിർത്ത അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണ് രാജ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

പ്രണയപ്പക കാമുകിയുടെ ജീവനെടുത്തു, വിഷ്ണുപ്രിയ വധക്കേസില്‍ വിധി വെള്ളിയാഴ്ച

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു