കേരളം

തുലഞ്ഞുപോകുന്നത് സ്വന്തം കുടുംബാംഗങ്ങളുടെ ജീവന്‍ കൂടിയാണെന്ന് ഓര്‍ക്കുക; കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച സമരങ്ങള്‍ക്കെതിരെ ആരോഗ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തിയവര്‍ക്ക് എതിരെ രൂക്ഷഭാഷയില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈയാംപാറ്റകളാകരുത് എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് മന്ത്രി വിമര്‍ശനം നടത്തിയിരിക്കുന്നത്. സ്വയം ഹോമിക്കപ്പെടുകയും വെളിച്ചം കെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ വിലക്കുകള്‍ ഞങ്ങള്‍ ലംഘിക്കും എന്നുപറഞ്ഞ് ആര്‍ക്കെതിരെയാണ് ഇവര്‍ ആക്രോശിക്കുന്നത്.

ഇതൊരു മഹാമാരിയാണ്. കേരളത്തില്‍ ഈ രോഗത്തിന്റെ പകര്‍ച്ചാനിരക്കും മരണ നിരക്കും കുറച്ച് നിര്‍ത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടല്ല. നേരത്തെ ചിലര്‍ പറഞ്ഞ് പോലെ കേരളത്തിന്റെ അന്തരീഷ ഊഷ്മാവില്‍ വൈറസ് ഉരുകി പോകുന്നതുമല്ല. ആയിരക്കണക്കിന് മനുഷ്യരുടെ 6 മാസമായുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണത്.

ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സന്നദ്ധ വോളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ഫലം. സര്‍ക്കാരിന്റെ ശാസ്ത്രീയമായ ആസൂത്രണത്തിന്റേയും ഇടപെടലിന്റേയും ഫലം. ലോകരാജ്യങ്ങള്‍ കേരളത്തെ ഉറ്റുനോക്കുന്നത് മറ്റൊന്നും കൊണ്ടല്ല. മരണം ഭീമാകാരം പൂണ്ട് മനുഷ്യരാശിയെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഈ കുഞ്ഞ് കേരളത്തില്‍ നിന്ന് ആശ്വാസത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കുന്നത് കൊണ്ടാണ്.

അതില്‍ അസൂയ പ്രകടിപ്പിക്കാന്‍ മുതിര്‍ന്നാല്‍ തുലഞ്ഞുപോകുക സ്വന്തം കുടുംബാംഗങ്ങളുടെ ജീവന്‍ കൂടിയാണെന്ന് ഓര്‍ക്കുക. മഹാമാരിയുടെ ഭാഗമായി നാം പ്രഖ്യാപിച്ച നിബന്ധനകള്‍ ലംഘിച്ച് നൂറുകണക്കിനാളുകള്‍ മാസ്‌ക് പോലും ധരിക്കാതെ ധിക്കാരപരമായി ഒത്തുകൂടുന്നത് എത്ര വലിയ വിപത്തിലേക്ക് സമൂഹത്തെ തള്ളിവിടുക എന്നത് മനസിലാക്കാന്‍ കഴിയുന്നവര്‍ ഇവര്‍ക്ക് പറഞ്ഞ് കൊടുക്കണം. പ്രതിഷേധമൊക്കെ ആയിക്കൊള്ളൂ. പക്ഷെ നാടിനെ രക്ഷിക്കാന്‍ അത്യധ്വാനം ചെയ്യുന്നവരുടെ ഒരു ഭാഗമായതു കൊണ്ട് പറഞ്ഞ് പോകുകയാണ്. ദയവ് ചെയ്ത് വിവേകമുള്ളവര്‍ ഇവരെ ഉപദേശിക്കുക.നമുക്ക് കേരളത്തിന്റെ സുരക്ഷാമതില്‍ തകര്‍ന്നു പോകാതെ സംരക്ഷിക്കുക. എല്ലാവരും സഹകരിക്കാം- കെ കെ ശൈലജ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും