തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്ത് കേസിലെ ഇടനിലക്കാരില്‍ ഒരാളാണ് അറസ്റ്റിലായത് എന്നാണ് സൂചന. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. കേസുമായി ബന്ധപ്പെട്ട് അഞ്ചാമത്തെ ആളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരിക്കുന്നത്.
സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളായ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ റമീസിനെ ഞായറാഴ്ച രാവിലെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ സരിത്തിനേയും റമീസിനേയും ഒരുമിച്ച് ചോദ്യം ചെയ്തതിനു പിന്നാലെയാണ് കേസിലുള്‍പ്പെട്ട മറ്റൊരാളെ കൂടി ഇന്ന് അറസ്റ്റ് ചെയ്തത്.
അതേസമയം, കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ ആസ്ഥാനത്തെത്തിച്ചു. ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയും കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കുകയും ചെയ്ത ശേഷമാണ് ഇരുവരെയും കടവന്ത്രയിലെ എന്‍.ഐ.എ. ഓഫീസില്‍ എത്തിച്ചത്. ഇവിടെവെച്ച് പ്രാഥമികമായി ചോദ്യംചെയ്ത ശേഷം പ്രതികളെ എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ