കേരളം

കോഴിക്കോട് തൂണേരിയില്‍ 47 പേര്‍ക്ക് കോവിഡ് ; പഞ്ചായത്ത് ഓഫീസ് അടച്ചു, അതീവ ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് നാദാപുരം തൂണേരിയില്‍ സ്ഥിതി അതീവഗുരുതരം. തൂണേരിയില്‍ 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് ഭാരവാഹികള്‍ക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് അടച്ചു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

തൂണേരി പിഎച്ച്സിയിൽ ഇന്നലെ 327 പേരുടെ സ്രവമാണ് പരിശോധന നടത്തിയത്. തൂണേരിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന പഞ്ചായത്ത് പ്രസിഡന്റും മുസ്‍ലിം ലീഗ് നേതാവുമായ കെ പി സി തങ്ങൾ അടക്കമുള്ളവരുടെ ഫലം ‍ ഇന്നലെ നടത്തിയ പരിശോധനയിൽ പോസിറ്റീവായി. കുടുംബാംഗങ്ങൾ അടക്കം നിരീക്ഷണത്തിലാണ്.

നാദാപുരം പുളിക്കൂൽ റോഡിൽ കഴിഞ്ഞ ദിവസം ഗൃഹപ്രവേശം നടന്ന വീട്ടുടമയായ വ്യാപാരിയാണ് പോസിറ്റീവ് പട്ടികയിലെ മറ്റൊരാൾ. ഇതോടെ, ചടങ്ങിൽ പങ്കെടുത്തവരെ ക്വാറന്റീനിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇവരുടെയെല്ലാം സ്രവം പരിശോധനയ്ക്ക് എടുക്കാനുള്ള തീരുമാനത്തിലാണ് ആരോ​ഗ്യവകുപ്പ്.

നാദാപുരത്ത് ഒരു പഞ്ചായത്ത് വനിതാ മെംബറും വീട്ടുകാരും നിരീക്ഷണത്തിലാണ്. കൂടുതൽ പേർ രോഗ ബാധിതരാകുന്നതായി വ്യക്തമായതോടെ, ജനം പുറത്തിറങ്ങുന്നത് തടയാൻ പൊലീസ് കർശന നടപടി തുടങ്ങി. പ്രധാന റോഡുകൾ അടക്കം അടച്ചു. ടൗണുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ കോവിഡ് അതിവ്യാപന ഘട്ടത്തില്‍ നാലു ജില്ലകളില്‍ അതീവജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഈ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. ഇതുവരെ സംസ്ഥാനത്ത് 51 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

തിരുവനന്തപുരം പൂന്തുറ, മലപ്പുറം പൊന്നാനി എന്നിവ മാത്രമാണ് വലിയ ക്ലസ്റ്ററുകള്‍. ഇവിടങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ അമ്പതിലധികം പേര്‍ക്ക് രോഗപ്പകര്‍ച്ചയുണ്ടായി. 15 ക്ലസ്റ്ററുകളില്‍ രോഗം നിയന്ത്രണ വിധേയമാണ് എന്നും ആരോഗ്യവകുപ്പിന്റെ കോവിഡ് ക്ലസ്റ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് 449 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.  തുടര്‍ച്ചയായി മൂന്നാംദിവസമാണ് നാനൂറിലേറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് . 140 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 64 പേര്‍ക്കും വൈറസ് ബാധ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്