കേരളം

'രോഗം വന്നതിന് ശേഷം പട്ടാളവും പൊലീസും കയറിയിറങ്ങിയിട്ട് കാര്യമുണ്ടോ?'; മഹാമാരിയെ തോല്‍പ്പിക്കുന്ന ചെങ്കല്‍ച്ചൂള മാതൃക

വിഷ്ണു എസ് വിജയന്‍

'എനിക്ക് വരില്ല എന്ന വിവരമില്ലായ്മയല്ല, മറിച്ച് എനിക്കും വരാം, ഞാന്‍ കാരണം ആര്‍ക്കും വരരുത് എന്ന വിവേകമാണ് വേണ്ടത്' തിരുവനന്തപുരം നഗരഹൃദയത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമായ ചെങ്കല്‍ച്ചൂളയിലെ ചുവരുകളില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ ഒന്നിലെ വാചകമാണിത്. ഈ വാക്കുകളിലുണ്ട്, ഒരു ജനതയുടെ മുഴുവന്‍ കൊറോണ കാലത്തെ ജാഗ്രതയും ഒത്തൊരുമയും.

തലസ്ഥാന നഗരിയെ ശ്വാസം മുട്ടിച്ച് കോവിഡ് വ്യാപനം അതിരൂക്ഷ്മായി മുന്നോട്ടുപോകുമ്പോള്‍, കേരളത്തിലെ ഏറ്റവും വലിയ കോളനികളിലൊന്ന്, സാധാരണക്കാരില്‍ സാധാരണക്കാര്‍ താമസിക്കുന്ന രാജാജി നഗറെന്ന ചെങ്കല്‍ച്ചൂള വലിയൊരു പ്രതിരോധ മാതൃക മുന്നോട്ടുവയ്ക്കുകയാണ്. അടുപ്പുകൂട്ടിയതുപോലെ ചെറുവീടുകളും, അവയിലെല്ലാം  ഏഴും എട്ടും
മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ ഈ പ്രദേശത്ത് കോവിഡ് വ്യാപനം സംഭവിച്ചു കഴിഞ്ഞാല്‍ എന്താകും അവസ്ഥയെന്ന് ഇവിടുത്തുകാര്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. അതുകൊണ്ടാണിവര്‍ പഴുതടച്ച ജാഗ്രത പുലര്‍ത്തുന്നതും. ഒരിക്കലും കോവിഡ് 19 തങ്ങളുടെ മേഖലയിലേക്ക് കടന്നുവരില്ല എന്ന അമിത ആത്മവിശ്വാസമല്ല, പകരം വരാതിരിക്കാനുള്ള ശക്തമായ മുന്‍കരുതലുകളാണ് ഇവര്‍ സ്വീകരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നിലവില്‍ 1515പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ചെങ്കല്‍ച്ചൂളയെ പോലെ തന്നെ ജനസാന്ദ്രതയേറിയ പൂന്തുറയില്‍ സാമൂഹ്യവ്യാപനം സംഭവിച്ചത് ഇവര്‍ക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, ഇനിവരും ദിവസങ്ങളില്‍ ജാഗ്രത ശക്തമാക്കാനാണ് തീരുമാനം.

വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ തെളിഞ്ഞ ജാഗ്രത

ചെങ്കല്‍ച്ചൂളയിലെ യുവാക്കളുടെ വാട്‌സ്ആപ്പ് കൂട്ടായ്മയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഗ്രൂപ്പില്‍ വന്ന ഒരു മെസ്സേജ് ആണ് ജാഗ്രതാ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ യുവാക്കളെ പ്രേരിപ്പിച്ചത്. ' ചെങ്കല്‍ച്ചൂളയിലേക്ക് കയറിവരാന്‍ നിരവധി ചെറിയ വഴികളുണ്ട്. അവയെല്ലാം അടച്ചു. രണ്ടു പ്രധാന വഴികള്‍ മാത്രം തുറന്നിട്ടു. അത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും വേണ്ടി തുറന്നിട്ടതാണ്. അവിടെ ഹാന്റ് സാനിട്ടൈസറുകള്‍ സ്ഥാപിച്ചു. വീടുകള്‍ക്കും ജങ്ഷനുകള്‍ക്കും മുന്നില്‍ പോസ്റ്ററുകള്‍ പതിച്ചു. കടകള്‍ക്ക് മുന്നില്‍ സാമൂഹ്യ അകലം പാലിക്കാനായി കയര്‍ കെട്ടി തിരിക്കുകയും മറ്റും ചെയ്തു. കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഞങ്ങളുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട്. ജീവിതത്തിന് വേണ്ടിയുള്ള പോരാട്ടമാണ്, അതിനെ ഒറ്റിക്കൊടുക്കാന്‍ പറ്റില്ലല്ലോ...' പ്രവര്‍ത്തനങ്ങളെ ഏകോപ്പിക്കുന്ന യുവാക്കളുടെ സംഘത്തിലെ ശരത് സമകാലിക മലയാളത്തോട് പറഞ്ഞു.

'പൂന്തുറയിലും മറ്റും പോയി മത്സ്യം വാങ്ങിയവരെ ക്വാറന്റൈനിലാക്കി. ഇവര്‍ക്കും കുടുംബത്തിനുമുള്ള ഭക്ഷണവും മരുന്നുമെല്ലാം ഞങ്ങള്‍ തന്നെ എത്തിക്കും. പ്രായമായവരുടെ മരുന്നു കുറിപ്പടി നോക്കി ഞങ്ങള്‍ തന്നെ പുറത്തുപോയി വാങ്ങിക്കൊണ്ടുവരും. എല്ലാ ദിവസവും പൊലീസും ആരോഗ്യ പ്രവര്‍ത്തകരും വരും. അവര്‍ക്കെല്ലാം ഞങ്ങളിപ്പോള്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വലിയ സന്തോഷമാണ്.'ശരത് പറയുന്നു. പുറത്തിറങ്ങാതിരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കാന്‍ ഇന്നുമുതല്‍ മൈക്ക്് അനൗണ്‍സ്‌മെന്റ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്.


ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും തത്ക്കാലം നോ എന്‍ട്രി

'ഇരുപതോളം കടകള്‍ ഇവിടെയുണ്ട്. അതുകൊണ്ട് അധികം പുറത്തേക്ക് പോകേണ്ട ആവശ്യം വരുന്നില്ല. പുറത്തുപോയി പച്ചക്കറിയൊക്കെ വാങ്ങുന്ന കടക്കാര്‍ കൃത്യമായി മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. പുറത്തുനിന്ന് ഒരുപാട് കച്ചവടക്കാര്‍ വരുന്ന പ്രദേശമാണിത്. അവര്‍ക്ക് കോളനിക്ക് അകത്തേക്ക് തത്ക്കാലം പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മാസ്‌ക് വയ്ക്കാത്ത ആളുകളെ നിങ്ങള്‍ക്കീ പ്രദേശത്ത് കാണാന്‍ സാധിക്കില്ല. അത്രയും ഗൗരവത്തോടെയാണ് ഞങ്ങള്‍ ഈ വിഷയത്തെ കാണുന്നത്. പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്ന നിധീഷ് പറയുന്നു.

'പുറത്തുള്ള ബന്ധുക്കളോടും കൂട്ടുകാരോടും കുറച്ചുദിവസത്തേക്ക് ഇങ്ങോട്ടേക്ക് വരണ്ടെന്ന് പറഞ്ഞു. അത് രണ്ടുകൂട്ടരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ്. രാവിലെയും വൈകുന്നേരവും പുറത്തുപോയി ചായ കുടിച്ച് ശീലമായിപ്പോയി പഴമക്കാരുണ്ട്. അവര്‍ക്ക് വേണ്ടി ഒരു വീടിന് മുന്നില്‍ ചായയുണ്ടാക്കി വെയ്ക്കും അവരവിടെ വന്നു കുടിച്ചിട്ട് പോകും. തിക്കുമില്ല, തിരക്കുമില്ല.നിധീഷ് പറയുന്നു.

'കഴിഞ്ഞ ദിവസം നരഗത്തില്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ വന്നവരുടെ തിക്കും തിരക്കും നമ്മള്‍ കണ്ടതാണ്. രോഗം വന്നിട്ട് ഇവിടെ പട്ടാളവും പൊലീസുമൊക്കെ വന്നിട്ട് എന്തെങ്കിലും കാര്യമുണ്ടോ? വിദ്യാഭ്യാസം മാത്രം പോരല്ലോ, സാമാന്യ ബുദ്ധികൂടി പ്രവര്‍ത്തിച്ചാലല്ലേ കാര്യമുള്ളു...'ശരത് പറയുന്നു.

ക്രിമനില്‍ കേസുകളുടെ പേരില്‍ കുറ്റപ്പെടുത്തിയും പരിഹസിച്ചും മാറ്റിനിര്‍ത്തിയൊരു ഭൂതകാലമുണ്ടായിരുന്നു നഗരത്തിന്റെ ഒത്തനടുക്ക് പതിനൊന്ന് ഏക്കറില്‍ പരന്നുകിടക്കുന്ന ചെങ്കല്‍ച്ചൂളയ്ക്ക്‌. സെക്രട്ടറിയേറ്റ് നിര്‍മ്മിക്കന്‍ ചെങ്കല്ല് ചുട്ടെടുത്ത പ്രദേശം പിന്നീട് ചെങ്കല്‍ച്ചൂളയെന്നറിയപ്പെട്ടു. നഗരം കെട്ടിപ്പൊക്കാനായി പലകാലങ്ങളില്‍ വന്നടിഞ്ഞ മനുഷ്യര്‍ ഇവിടെ തല ചായ്ക്കാന്‍ താവളമൊരുക്കി. പലവിധത്തിലുള്ള അവഗണനകളോട് പൊരുതി കയറിവന്നൊരു ജനത, കോവിഡിനെ ചെറുത്തുതോല്‍പ്പിക്കാന്‍ കേരളദേശത്തിന് പുതിയൊരു മാതൃക ചൂണ്ടിക്കാട്ടുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

'തെറിച്ചു നിൽക്കണം, ഒരു മാതിരി ചത്ത പോലെ ആയിപ്പോകരുത്'; വൈറലായി എമ്പുരാൻ ലൊക്കേഷൻ വീഡിയോ

'ഇതൊക്കെ നിസാരം'; പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങി മൂങ്ങ- വൈറല്‍ വീഡിയോ

'പൊളിയല്ലേ? രസമല്ലേ ഈ വരവ്?'; ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനത്തില്‍ ഡു പ്ലെസി

സൗദിയുടെ ചിന്തയും മുഖവും മാറുന്നു, റോക്ക് ബാന്‍ഡുമായി സ്ത്രീകള്‍