കേരളം

പത്ത് മാസം, നാല് സംസ്ഥാനങ്ങൾ, 1750 കിലോമീറ്റർ; ഭീമൻ യന്ത്രവുമായി ഒടുവിൽ ആ കണ്ടെയ്നർ ലോറി വട്ടിയൂർക്കാവിലെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്തു മാസം മുൻപ് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് യന്ത്ര ഭീമനുമായി പുറപ്പെട്ട കണ്ടെയ്‌നർ ലോറി ഒടുവിൽ വിഎസ്എസ്‌സിയുടെ വട്ടിയൂർക്കാവ് കേന്ദ്രത്തിലെത്തി. മുംബൈ അംബർനാഥിൽ നിന്നു വട്ടിയൂർക്കാവിലെ ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റിലേക്ക് ഭീമൻ യന്ത്രവുമായുള്ള വാഹനത്തിന്റെ ഒരു വർഷത്തിനടുത്ത് നീണ്ടു നിന്ന യാത്രയ്ക്കാണ് ഇന്ന് അന്ത്യമായത്.

നാലു സംസ്ഥാനങ്ങളിലൂടെ വാഹനം പിന്നിട്ടത് 1750 കിലോമീറ്റർ. ഒരുദിവസം അഞ്ച് കിലോമീറ്റർ മാത്രം സഞ്ചരിച്ച കൂറ്റൻ വാഹനം, കഴിഞ്ഞ കൊല്ലം രാജ്യത്ത് ഏറ്റവും കുറഞ്ഞ വേഗത്തിലോടിയ വാഹനമെന്ന കീർത്തിയും നേടി. ഈ മാസം ആദ്യമാണ് സംസ്ഥാനത്തേക്ക് വാഹനം എത്തിയത്.

ഏഴ് മീറ്റർ ഉയരമുള്ള എയറോസ്പേസ് ഓട്ടേക്ലേവ് എന്ന ഭീമൻ ഉപകരണമാണ് യൂണിറ്റിലേക്ക് എത്തുന്നത്.  70 ടൺ ഭാരമുള്ള യന്ത്രത്തിന് 7.5 മീറ്റർ ഉയരവും 6.65 മീറ്റർ വീതിയുമുണ്ട്.

ചെറു റോഡുകളിൽ നിറഞ്ഞോടിയ വാഹനത്തിന് 32 ജീവനക്കാർ ചേർന്നാണ് വഴിയൊരുക്കുന്നത്. മരച്ചില്ലകൾ വെട്ടിയൊതുക്കിയും വൈദ്യുതി ലൈൻ ഉയർത്തിയുമാണ് യാത്ര. കടന്നുപോകുന്ന പ്രദേശത്തെ പൊലീസും വൈദ്യുതി ബോർഡ് ജീവനക്കാരും കിണഞ്ഞ് ശ്രമിച്ചാണ് ഇതിനെ  നഗരത്തിലെത്തിച്ചത്.
 
നഗരത്തിലൂടെയുള്ള യാത്രയായതിനാൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ഒരു കിലോമീറ്റർ ദൂരം വീതം വഴി തടഞ്ഞാണ് വാഹനം കടത്തി വിട്ടത്.  മരച്ചില്ലകൾ വെട്ടിയൊതുക്കാനും വൈദ്യുതി ലൈനുകൾ ഉയർത്താനും കെഎസ്ഇബി ജീവനക്കാരുടെ സംഘവും ഒപ്പമുണ്ടായി. ട്രക്കിനു പിന്നാലെ മറ്റ് വാഹനങ്ങൾ പിന്തുടരാതിരിക്കാനും പൊലീസ് ശ്രദ്ധിച്ചു.

ഉപകരണത്തിന്റെ ഉയരക്കൂടുതൽ മൂലം മുംബൈ തുറമുഖത്തെത്തിച്ച് കപ്പലിൽ അയയ്ക്കാൻ കഴിയാത്തതിനാലാണ് റോഡ് മാർഗം തിരഞ്ഞെടുത്തത്.

രണ്ട് ആക്സിലുകളാണ് വാഹനത്തിനുള്ളത്. ഓരോ ആക്സിലിലും 32 ചക്രങ്ങൾ. ഈ ആക്സിലുകൾ രണ്ടും വെവ്വേറെ പ്രവർത്തിപ്പിക്കാം. ഉയർത്താനും താഴ്ത്താനും പറ്റും. ഭാരം തുലനം ചെയ്യാനായി വാഹനത്തിന്റെ മുന്നിൽ മറ്റൊരു യൂണിറ്റുണ്ട്.  വൈദ്യുതി ലൈനുകളുള്ളതിനാൽ പകൽ സമയത്ത് മാത്രമാണ് യാത്ര.

ഇതുവരെയുള്ള യാത്രയിൽ ഒരു ദിവസം പരമാവധി താണ്ടിയ ദൂരം 11 കിലോമീറ്റർ മാത്രമാണ്. നെയ്യാറ്റിൻകര–ബാലരാമപുരം ഭാഗത്തെ റോഡ് പണി സംഘത്തെ വലച്ചു. കോവിഡ് സമയത്ത് ജീവനക്കാരിൽ ചിലർ തിരിച്ചു പോയതും യാത്ര വൈകിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം