കേരളം

'സ്വപ്നയുടെ വീട്ടിൽപ്പോയത് ഭർത്താവ് ക്ഷണിച്ചപ്പോൾ' ; മൊഴികളിലെ പൊരുത്തക്കേടുകൾ ചികഞ്ഞ് എൻഐഎ ; ശിവശങ്കറിന് ഇന്ന് നിർണായകം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10 മണിയ്ക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ എൻഐഎ സംഘം ഒമ്പതര മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ശിവശങ്കറിന്റെ നേരത്തെ നൽകിയ മൊഴികളും ഇന്നലത്തെ മൊഴികളും പരിശോധിച്ച് പൊരുത്തക്കേടുകളിൽ വ്യക്തത വരുത്തുകയാണ് എൻഐഎയുടെ ലക്ഷ്യം. മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടിയിലേക്ക് അന്വേഷണസംഘം നീങ്ങിയേക്കുമെന്നും സൂചനയുണ്ട്. 

ശിവശങ്കറിന്റെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉള്ളതായാണ് സൂചന. പല ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ ഉത്തരം നൽകിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ മറ്റു പ്രതികളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും അടക്കം പരിശോധിച്ച് കൂടുതൽ ചോദ്യം ചെയ്യലിലേക്ക് നീങ്ങാനാണ് എൻഐഎയുടെ നീക്കം. എൻഐഎ ദക്ഷിണേന്ത്യൻ മേധാവി കെ ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു മാരത്തൺ ചോദ്യം ചെയ്യൽ നടന്നത്. എൻഐഎ ഡൽഹി ആസ്ഥാനത്തു നിന്നും ചോദ്യം ചെയ്യൽ നിരീക്ഷിച്ചിരുന്നു. 

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്, തന്റെ ബന്ധുവിന്റെ ഭാര്യയാണെങ്കിലും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിലാണ് ഔദ്യോഗിക പരിചയമെന്ന് ശിവശങ്കർ പറഞ്ഞു.  സംസ്ഥാന ഐടി വകുപ്പിന്റെ സ്പേസ് പാർക്ക് പദ്ധതിയിലേക്കു സ്വപ്നയെ സംസ്ഥാനത്തെ ഭരണമുന്നണിയുമായി ബന്ധമുള്ള ആരെങ്കിലും ശുപാർശ ചെയ്തോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു മൊഴി. എന്നാൽ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ സ്വപ്നയുടെ നിയമനത്തിനു വേണ്ടി ഇടപെട്ടോ എന്ന ചോദ്യത്തിന് ശിവശങ്കർ വ്യക്തമായ മറുപടി നൽകിയില്ല.

സ്വർണക്കടത്തിന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം കരുതുന്ന പെരിന്തൽമണ്ണ സ്വദേശി കെ ടി റമീസ്, ദുബായിലുള്ള കൊടുങ്ങല്ലൂർ സ്വദേശി ഫൈസൽ ഫരീദ് അടക്കമുള്ള പ്രതികളെ അറിയില്ല. ഇവർക്കു സ്വപ്നയുമായുള്ള സ്വർണക്കടത്ത് ഇടപാടുകളെ കുറിച്ചും അറിയില്ലായിരുന്നു. നാട്ടിലും വിദേശത്തും ഇവരുടെ ആതിഥ്യം സ്വീകരിച്ചിട്ടില്ല. സ്വപ്നയുടെ ഭർത്താവ് ക്ഷണിച്ചപ്പോൾ മാത്രമാണ് ഇവരുടെ വീട് സന്ദർശിച്ചിട്ടുള്ളതെന്നും ശിവശങ്കർ മൊഴി നൽകി.  പ്രതികൾ ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയ തിരുവനന്തപുരത്തെ ഫ്ലാറ്റ് വാടകയ്ക്കെടുക്കാൻ സഹായിച്ചതു സ്വപ്നയുടെ ഭർത്താവിന്റെ അഭ്യർഥനയെ തുടർന്നാണ്. അവരുടെ വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുറച്ചു ദിവസം മാറിത്താമസിക്കാൻ ഫ്ലാറ്റ് വാടകയ്ക്കു വേണമെന്നാണു തന്നോടു പറഞ്ഞതെന്നും ശിവശങ്കർ മൊഴി നൽകി.

നയതന്ത്ര ബാഗേജുകൾ പിടിക്കപ്പെടുന്ന ദിവസങ്ങളിൽ പ്രതികളുമായി കൂടുതൽ ഫോൺവിളികൾ നടത്തിയതായുള്ള തെളിവുകൾ ചോദ്യംചെയ്യലിൽ എൻഐഎ നിരത്തി. എന്നാൽ, സ്വപ്ന കണക്ട് ചെയ്തുതന്ന നമ്പറിൽനിന്നാണ് കസ്റ്റംസിനെ ഫോൺ വിളിച്ചതെന്നാണ് ശിവശങ്കർ മൊഴിനൽകിയത്. ഇതിനുപുറമേ സ്വർണം എത്തിയ ദിവസം മറ്റൊരു നമ്പറിൽനിന്ന് പ്രതികളുമായി സംസാരിച്ചതായും എൻഐഎ സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തെപ്പറ്റിയും തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിൽ ശിവശങ്കറിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന. ഒമ്പതര മണിക്കൂർ ചോദ്യംചെയ്ത് വിട്ടയച്ച ശിവശങ്കർ നേരെ അഭിഭാഷകന്റെ അടുത്തേക്കാണ് പോയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി