കേരളം

സംസ്ഥാനത്ത് കാലവര്‍ഷമെത്തി ; കനത്ത മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. 2013 ലും 2010 ലുമാണ് നേരത്തെ ജൂണ്‍ ഒന്നിന് കാലവര്‍ഷം കേരളത്തിലെത്തിയത്. അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് തുടര്‍ച്ചയായ മഴയുണ്ടാകും. മുൻവർഷങ്ങളിലേതുപോലെ ശക്തമായ മഴ തന്നെ ഈ കാലവര്‍ഷകാലത്തും ലഭിക്കുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

14 മഴമാപിനികളില്‍ ഒമ്പതെണ്ണത്തിലെങ്കിലും തുടര്‍ച്ചയായി രണ്ടു ദിവസം രണ്ടര മില്ലി മീറ്ററിലധികം മഴയുടെ അളവ് രേഖപ്പെടുത്തുക, പടിഞ്ഞാറന്‍ കാറ്റിന്റെ ദിശയും വേഗവും അനുകൂലമാകുക എന്നീ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടതായി കണ്ടെത്തിയതോടെയാണ് കാലവര്‍ഷം കേരളതീരത്ത് എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്.

സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ സ്‌കൈമെറ്റ് ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം എത്തുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. എന്നാല്‍ ജൂണ്‍ അഞ്ചിന് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നാലുമാസം നീളുന്ന മഴക്കാലത്തിന്റെ തുടക്കം കേരളത്തില്‍ നിന്നാണ്. രാജ്യത്തു ലഭിക്കുന്ന മഴയില്‍ 75 ശതമാനവും കാലവർഷക്കാലത്താണ്.

കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പതു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

ചൊവ്വാഴ്ച  എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നുമുതല്‍ നാലുദിവസം സംസ്ഥാനത്ത് 84 ശതമാനം അധികമഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ  പ്രവചനം. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍, കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികള്‍ തുടങ്ങിയവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപം പ്രാപിച്ചു. ഇത് നാളെ നിസര്‍ഗ ചുഴലിക്കാറ്റായി മാറും. ബുധനാഴ്ച കരതൊടുമെന്നുമാണ് കാലാവസ്ഥ നിരീക്ഷമകേന്ദ്രത്തിന്‍രെ വിലയിരുത്തല്‍. മഹാരാഷ്ട്രയ്ക്കും ദാമനും ഇടയിലാകും ചുഴലിക്കാറ്റ് തീരം തൊടുക. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാല് സ്പില്‍വേ  ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. 84 അടി പരമാവധി ശേഷിയുണ്ടെങ്കിലും ജലനിരപ്പ് 80 അടി കവിഞ്ഞതോടെ ഡാം തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്