കേരളം

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; 'ആചാരവെടി' ​ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച വാട്‌സാപ്പ് ഗ്രൂപ്പിക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്. ആചാരവെടി എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ മിക്ക അംഗങ്ങളും ഉടൻ വലയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഗ്രൂപ്പിന്റെ അഡ്മിനായ എടപ്പാൾ വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ത് (21), അംഗങ്ങളായ ആലങ്കോട് സ്വദേശി രാഗേഷ് (40), താനൂർ ഉണ്ണ്യാൽ സ്വദേശി അബ്ദുൾ നാസർ (25) എന്നിവരെ കഴിഞ്ഞ ദിവസം ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കാൻ ഒരുങ്ങുന്നത്.

പ്രാദേശികമായും അല്ലാതെയുമുള്ള കുട്ടികളുടെ അശ്ലീല ചിത്രങ്ങളാണ് ഈ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നത്. പ്രത്യേക ലിങ്ക് വഴി മാത്രമായിരുന്നു ഗ്രൂപ്പിൽ പ്രവേശിക്കാൻ അവസരം. അതിനാൽ ഗ്രൂപ്പ് അഡ്മിനിന്റെയോ മറ്റ് അംഗങ്ങളുടെയോ അടുത്ത പരിചയക്കാർ മാത്രമാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഗ്രൂപ്പ് അഡ്മിനിന്റെയും സുഹൃത്തുക്കളുടെയും ഫോണിൽ നിന്ന് നിരവധി അശ്ലീല ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. കുട്ടികളുടെ നിരവധി അശ്ലീല ചിത്രങ്ങളാണ് ഗ്രൂപ്പിൽ ദിവസവും അംഗങ്ങൾ അപ്ലോഡ് ചെയ്തിരുന്നത്. ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടരുതെന്നും രഹസ്യമായി സൂക്ഷിക്കണമെന്നും അടക്കമുള്ള നിബന്ധനകളും അംഗങ്ങൾ പാലിക്കണം.

ഗൾഫിലുള്ളവരടക്കം ഈ ഗ്രൂപ്പിൽ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ഗ്രൂപ്പ് അഡ്മിനെയും ഗ്രൂപ്പിൽ ചേരാനുള്ള ലിങ്ക് അയച്ച് കൂടുതൽ പേരെ അംഗങ്ങളാക്കിയവരെയുമാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഗ്രൂപ്പിൽ അപ്ലോഡ് ചെയ്യുന്നവർ വളരെ കുറച്ചു പേർ മാത്രമാണ്. പക്ഷേ, ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെയും നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ജില്ലയിൽ നിന്ന് മാത്രം ഏകദേശം 15 പേർ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുണ്ട്. ഇതിൽ ഗ്രൂപ്പ് അഡ്മിൻ ചങ്ങരംകുളം പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ആളായതിനാലാണ് ചങ്ങരംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയായ യൂനിസെഫാണ് കേരളത്തിൽ ഇത്തരമൊരു ഗ്രൂപ്പ് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. യൂനിസെഫ് ഇന്റർപോൾ മുഖേന എഡിജിപി (ക്രൈം) മനോജ് എബ്രഹാമിന് നൽകിയ സൂചനയെത്തുടർന്ന് കോഴിക്കോട് സൈബർഡോമും ചങ്ങരംകുളം പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച