കേരളം

'അവര്‍ തോല്‍പ്പിക്കുന്നത് പരിശോധനാ സംവിധാനത്തെയല്ല, സ്വന്തം സഹോദരങ്ങളെ തന്നെ'; മാര്‍ഗനിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുറത്ത് നിന്ന് വരുന്നവര്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഒരു പക്ഷേ സമൂഹം അതിന് വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. ദീര്‍ഘദൂര ട്രെയിനുകളില്‍ വന്നിറങ്ങുന്നവര്‍ സ്‌റ്റേഷനില്‍ തന്നെ തങ്ങി വേറെ ട്രെയിനില്‍ യാത്ര ചെയ്യുകയും അതിലൂടെ പരിശോധകരുടെ കണ്ണ് വെട്ടിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം അങ്ങനെ എറണാകുളത്തു നിന്ന് കൊല്ലത്ത് വേറെ ട്രെയിനില്‍ വന്നിറങ്ങിയവരെ പൊലീസ് കണ്ടെത്തി. ഇത്തരം നടപടികള്‍ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. അവര്‍ തോല്‍പ്പിക്കുന്നത് പരിശോധനാ സംവിധാനത്തെയല്ല. സ്വന്തം സഹോദരങ്ങളെ തന്നെയാണ്. അതില്‍ ഒരാള്‍ക്കെങ്കിലും രോഗബാധയുണ്ടെങ്കില്‍ സമൂഹം അതിനു വലിയ വില കൊടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ ഹൃദ്രോഗ ആശുപത്രിയില്‍ എത്തിയ വനിത ബംഗളൂരില്‍ നിന്ന് വന്നതാണ് എന്ന കാര്യം മറച്ചു വെച്ചു. ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം അവര്‍ മരിച്ചു. അതിനു ശേഷമാണ് യാത്രയുടെയും മറ്റും വിവരം ആശുപത്രി അധികൃതര്‍ അറിഞ്ഞത്.അതോടെ ആശുപത്രി ഒന്നടങ്കം പ്രതിസന്ധിയിലായി. രണ്ടു ദിവസത്തിനു ശേഷം കോവിഡ് നെഗറ്റീവാണ് എന്ന് സ്ഥിരീകരിച്ചപ്പോഴാണ് ആശ്വാസമായത്. ഉന്നത വിദ്യാഭ്യാസമൊക്കെയുള്ള കുടുംബമായിട്ടും ഇങ്ങനെ മറച്ചുവെക്കാനുള്ള പ്രവണത കാണിച്ചത് ശരിയല്ല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നമ്പര്‍ പോലും സേവ് ചെയ്യാന്‍ തയാറാകാത്ത ആളുകള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം തന്നെ ഇങ്ങനെ എത്തിച്ചേരുന്ന ആളുകളെ കണ്ടെത്തി അവര്‍ക്കുവേണ്ട നിര്‍ദേശം നല്‍കാനും ആവശ്യമെങ്കില്‍ ആശുപത്രിയിലെത്തിക്കാനും നിരീക്ഷിക്കാനുമുള്ള ജാഗ്രത പ്രാദേശികതലത്തില്‍ കൈവിട്ടുപോകാനും പാടില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി