കേരളം

കേരളത്തിലും ഗോവയിലും കൊറോണ വൈറസിന്റെ രണ്ടാം തരംഗം ? ; ആശങ്ക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളം ഉള്‍പ്പെടെ കോവിഡ് നിയന്ത്രണ വിധേയമായ സംസ്ഥാനങ്ങളില്‍ വീണ്ടും രോഗബാധ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. കോവിഡിന്റെ രണ്ടാം തരംഗം ഈ സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്നതായാണ് ആശങ്കയുയരുന്നത്. കേരളത്തിനു പുറമേ ഹിമാചല്‍ പ്രദേശ്, അസം എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച വരെ വളരെ കുറവ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഗോവ കോവിഡ് മുക്തമാകുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി ഈ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുകയാണ്. കേരളം പൂര്‍ണമായി കോവിഡ് മുക്തമായിരുന്നില്ലെങ്കിലും മിക്ക ദിവസങ്ങളിലും രോഗികളുടെ എണ്ണം ഒറ്റയക്കത്തില്‍ ഒതുങ്ങിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച മാത്രം 26 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 30 നു ശേഷം ആദ്യമായാണ് ഇത്രയേറെ കേസുകള്‍ ഒറ്റദിവസം ഉണ്ടാകുന്നത്. വെള്ളിയാഴ്ച 16 പേര്‍ക്കും, ശനിയാഴ്ച 11 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

പല സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ സ്വന്തം വീടുകളിലേക്കു മടങ്ങുന്ന സാഹചര്യത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യതയാണു കാണുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഒരു മാസത്തോളമായി ഗോവയില്‍ ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മാര്‍ച്ച് അവസാനവാരം കോവിഡ് ബാധിച്ച ഏഴു പേരും രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ എട്ടു പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരെല്ലാം മറ്റിടങ്ങളില്‍നിന്ന് സംസ്ഥാനത്തേക്കു മടങ്ങിയെത്തിയവരാണ്.

സമാനമായ രീതിയില്‍, ഹിമാചല്‍ പ്രദേശില്‍ ആകെയുണ്ടായിരുന്ന 41 രോഗികള്‍ ഈ മാസം ആദ്യം രോഗമുക്തി നേടിയിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ 34 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണത്തില്‍ ചൈനയെ ഇന്ത്യ മറികടന്നിരുന്നു. ചൈന 80,000 കടക്കുന്നതുവരെ രോഗികളുടെ എണ്ണം കുറവായിരുന്ന ഇന്ത്യയില്‍ ഇപ്പോള്‍ ദിനംപ്രതി രണ്ടായിരത്തിലേറെ ആളുകള്‍ക്കാണു രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്