കേരളം

'ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും, അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട'; വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട എന്ന് സോളാര്‍ കേസിലെ പരാതിക്കാരിയെ ഉദ്ദേശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞ വാക്കുകളാണ് വിവാദമായത്.  മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി വഞ്ചനാ ദിനം ആചരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പളളി. സംഭവം വിവാദമായതോടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു.

'ഓരോ ദിവസവും ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ എന്നെയിതാ ബലാത്സംഗം ചെയ്തിരിക്കുന്നു. രാജ്യമാസകലം ഞാന്‍ ബലാംത്സംഗത്തിന് വിധേയമായിരിക്കുന്നു എന്ന് പറയുന്ന ഒരു സ്ത്രീയെ അണിയിച്ച് ഒരുക്കികൊണ്ട് തിരശീലയ്ക്ക് പിന്നില്‍ നിര്‍ത്തിയിരിക്കുന്നു.എപ്പോഴാണ് ഞാന്‍ രംഗത്തുവരേണ്ടത് എന്നാണ് അവര്‍ ചോദിച്ച് കൊണ്ടിരിക്കുന്നത്.മുഖ്യമന്ത്രി ഈ കളി ഇവിടെ നടക്കില്ല. ഈ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം നടക്കില്ല.
ജനങ്ങള്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും'- ഈ നിലയിലാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം മുന്നേറുന്നത്.

സര്‍ക്കാര്‍ മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ ഒരു അഭിസാരികയെ കൊണ്ടുവരുന്നു. അഭിസാരികയെ കൊണ്ട് എന്തെങ്കിലും കഥ പറയിക്കാമെന്ന് ആഗ്രഹിച്ചാല്‍ കേരളം കേട്ട് മടുത്തതാണ്.നിരന്തരം പീഡിപ്പിച്ച് കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാണ് ഒരു സ്ത്രീ രംഗത്തുവന്നത്. ഒരു സ്തീയെ ഒരു തവണ പീഡിപ്പിച്ചു എന്ന് പറഞ്ഞാല്‍ മനസിലാക്കാം. അത് പീന്നീട് ആവര്‍ത്തിക്കില്ല. ആത്മാഭിമാനമുളള സ്ത്രീ ഒരിക്കല്‍ ഇരയായാല്‍ മരിക്കും, അല്ലെങ്കില്‍ പിന്നീട് ആവര്‍ത്തിക്കാതെ നോക്കും. സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗത്തിന് വിധേയമാക്കി കൊണ്ടിരിക്കുന്നു എന്ന് വിലപിച്ച് കൊണ്ടിരിക്കുന്ന സ്ത്രീയെ നിര്‍ത്തി കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോകുന്നു.നാണമുണ്ടോ മുഖ്യമന്ത്രി നിങ്ങള്‍ക്ക്. ആത്മാഭിമാനം ഉണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ തെറ്റുകള്‍ തുറന്നുപറഞ്ഞു കൊണ്ട്  അധികാരം വിട്ടുപോകണം'- മുല്ലപ്പളളിയുടെ വാക്കുകള്‍ ഇങ്ങനെ.

ബെംഗലൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെങ്കില്‍ എം ശിവശങ്കര്‍ ആരുടെ ബിനാമിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

കള്ളക്കടത്തുകരുടെ ബിനാമി ആയി മുഖ്യമന്ത്രി യുടെ ഓഫിസ് മാറി. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്ക് മരുന്ന് കച്ചവടം നടക്കുന്നു. സിനിമ രംഗത്തെ ബിനീഷിന്റെ മയക്ക് മരുന്ന് ഇടപെടലും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിയായ ലോക് നാഥ് ബെഹ്‌റ ഡയറക്ടര്‍ ജെനറല്‍ ഓഫ് പര്‍ച്ചേസ് ആയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് ഓശാന പാടുന്ന ഡിജിപി ചെവിയില്‍ നുള്ളിക്കോ ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്