കേരളം

ഇ ഡി സംഘം തിരുവനന്തപുരത്ത്; കോടിയേരിയുടെ വീട്ടില്‍ പരിശോധന? 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിനീഷ് കോടിയേരി പ്രതിയായ ബെംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തി. ബിനീഷിന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വീട്ടില്‍ സംഘം പരിശോധന നടത്തിയേക്കും എന്നാണ് സുചന.

എട്ടംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത് എന്നാണ് സൂചന. ബിനീഷിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് കരുതുന്ന കാര്‍ പാലസ് എന്ന സ്ഥാപനത്തിലും സംഘം പരിശോധന നടത്തിയേക്കും എന്നാണ് സൂചന. 

ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കി കളളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് ബിനീഷ് അറസ്റ്റിലായത്. 2012 മുതല്‍ 2019 വരെ അക്കൗണ്ടിലേക്ക് വന്ന പണവും ബിനീഷ് ആദായ നികുതി റിട്ടേണായി സമര്‍പ്പിച്ച തുകയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇ ഡി വ്യക്തമാക്കിയിരുന്നു. 

അഞ്ചരക്കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടില്‍ വന്നുപോയിട്ടുണ്ടെന്നും മൂന്നരക്കോടി മാത്രമാണ് ആദയനികുതി റിട്ടേണില്‍ ബിനീഷ് കാണിച്ചിരിക്കുന്നതെന്നും ഓരോ വര്‍ഷവും നാല്‍പ്പത് ലക്ഷം രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത് എന്നും ഇ ഡി പറയുന്നു. ബിനീഷ് ലഹരിമരുന്ന് കച്ചവടം നടത്തിയെന്ന് മൊഴികളുണ്ട്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ആദായ നികുതി രേഖകളില്‍ പൊരുത്തക്കേടുണ്ട്. ഈ കമ്പനികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇ ഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രണ്ടുദിവസം മുന്‍പ് ആദായനികുതി ഉദ്യോഗസ്ഥര്‍ ഇ ഡി ഓഫീസിലെത്തി രേഖകള്‍ ശേഖരിച്ചിരുന്നു. 

കഴിഞ്ഞദിവസം, ബിനീഷിന്റെ ജാമ്യാപേക്ഷ ബെംഗളൂരു സെഷന്‍സ് കോടതി തള്ളിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന അന്വേഷണ ഏജന്‍സിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അഞ്ചുദിവസത്തേക്കാണ് കസ്റ്റഡി അനുമതി നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ