കേരളം

വിദേശത്തേക്ക് കടക്കാന്‍ സാധ്യത; പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; എംഎല്‍എ കമറുദ്ദീനെ കസ്റ്റഡിയില്‍ വാങ്ങും

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പുകേസില്‍ എംഡിയും മുസ്ലീം ലീഗ് നേതാവുമായ പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്നലെ കാസര്‍കോട് എസ്പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. കേസിലെ പ്രതിയായ എംഎല്‍എയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇയാള്‍ എത്താതിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ഇന്നലെ വൈകീട്ട് പൂക്കോയ തങ്ങള്‍  ഒളിവിലാണെന്ന് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു. മകന് വിദേശത്ത് ബിസിനസുള്ളതിനാല്‍ വിദേശത്തേക്ക് കടക്കുമെന്ന സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസിലെ പ്രതിയായ പൂക്കോയ തങ്ങളുടെ മകന്‍ ഹിഷാമിനെതിരെയും ലുക്കഓട്ട് നോട്ടീസ് പുറപ്പെടുവിച്ചു.  കേസുമായി ബന്ധപ്പെട്ട്അറസ്റ്റിലായ എം.സി.കമറുദ്ദീന്‍എം.എല്‍.എയെ രണ്ടുദിവസം കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കും. പ്രത്യേകഅന്വേഷണസംഘമാണ് കോടതിയെ സമീപിക്കുന്നത്. കമറുദ്ദീനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്ന് പ്രത്യേക അന്വേഷണം സംഘം വ്യക്തമാക്കി

അതേസമയം കേസില്‍ എംസി കമറുദ്ദീനെതിരായ നടപടി അനിതരസാധാരണമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിസിനസ്സ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്. കമറുദ്ദീന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഫാഷന്‍ ഗോള്‍ഡ് തകര്‍ന്നത് സ്ഥാനാര്‍ഥിയാക്കുമ്പോള്‍ അറിഞ്ഞില്ല. സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തി. കമറുദ്ദീനെതിരെ ചുമത്തിയത് നിലനില്‍ക്കാത്ത വകുപ്പുകളാണ്. അദ്ദേഹത്തിനെതിരായ ആരോപണത്തില്‍ അന്വേഷണം പോലും പൂര്‍ത്തിയായിട്ടില്ല. രാവിലെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നു, വൈകുന്നേരം അറസ്റ്റ് ചെയ്യുന്നു. അതിനിടയ്ക്ക് അറസ്റ്റ് ഉണ്ടാവുമെന്ന് അന്വേഷണസംഘത്തിന്റെ പ്രഖ്യാപനവും വരുന്നു. ഇത് അസാധാരണ നടപടിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിക്ഷേപകരുടെ പണത്തില്‍ പാര്‍ട്ടിക്ക് ബാധ്യതയില്ല. കമ്പനി കടംവീട്ടണം. അറസ്റ്റ് അന്യായമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മറ്റ് അന്വേഷണങ്ങളുടെ വാര്‍ത്തകളെ പ്രതിരോധിക്കാനുള്ള സംഭവം മാത്രമാണ് ഈ അറസ്റ്റ്. അത് നിയമപരമായി നിലനില്‍ക്കില്ല. രാഷ്ട്രീയമായി വാര്‍ത്ത സൃഷ്ടിക്കാനുള്ള ഒരു നടപടിയായി മാത്രമേ ഇതിനെ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനല്ല സര്‍ക്കാരിന്റ താത്പര്യം. എന്നാല്‍ ലീഗിന്റെ നിലപാട് പണം തിരിച്ചുകിട്ടലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

മൂത്രം പരിശോധിച്ച് ആരോ​ഗ്യം വിലയിരുത്തും; ചൈനയിൽ സ്മാർട്ട് ടോയ്‌ലറ്റുകൾ ട്രെൻഡ് ആകുന്നു

തിയറ്ററിൽ ഇപ്പോഴും ഹൗസ്ഫുൾ: ഇനി ഒടിടി പിടിക്കാൻ രം​ഗണ്ണനും പിള്ളേരും, 'ആവേശം' പ്രൈമിൽ എത്തി

തൃശൂരില്‍ സുരേഷ് ഗോപി 30,000 വോട്ടിന് ജയിക്കും; രാജീവ് ചന്ദ്രശേഖര്‍ക്ക് 15,000 ഭൂരിപക്ഷം; ബിജെപി കണക്കുകൂട്ടല്‍ ഇങ്ങനെ