കേരളം

രാജ്യം സ്തംഭിക്കും; നവംബര്‍ 26ന് 24 മണിക്കൂർ ദേശീയ പൊതു പണിമുടക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര നയങ്ങള്‍ക്കെതിരെ നവംബര്‍ 26 ന് സംയുക്ത ട്രേഡ് യൂണിയന്‍ പൊതു പണിമുടക്ക് പ്രഖ്യാപിച്ചു. 25 ന് അര്‍ധരാത്രി മുതല്‍ 26 ന് അര്‍ധരാത്രി വരെ 24 മണിക്കൂര്‍ സമയത്തേക്കാണ് പണിമുടക്ക്. ദേശ വ്യാപകമായി നടത്തുന്ന പണിമുടക്കില്‍ അവശ്യസേവന മേഖലയിലൊഴികെയുള്ള തൊഴിലാളികളും കര്‍ഷകരും പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

10 ദേശീയ സംഘടനകളും ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര- സംസ്ഥാന ജീവനക്കാര്‍ എന്നിവരുടേതുള്‍പ്പെടെയുള്ള സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഇവര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരും, ടാക്സി തൊഴിലാളികളും അസംഘടിത മേഖലയിലേതുള്‍പ്പെടെയുള്ള തൊഴിലാഴികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിക്കും. 

ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 അക്കൗണ്ടില്‍ നിക്ഷേപിക്കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും പ്രതിമാസം 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, വര്‍ഷം 200 തൊഴില്‍ദിനം വര്‍ധിപ്പിച്ച് വേതനത്തില്‍ ലഭ്യമാക്കാനായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക, നഗരങ്ങളിലും പദ്ധതി നടപ്പിലാക്കുക, പ്രതിരോധ, റെയില്‍വേ, തുറമുഖ, വ്യോമയാന, വൈദ്യുതി, ഖനനം, ധനം എന്നീ മേഖലകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യവത്കരണം ഉപേക്ഷിക്കുക, കര്‍ഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിന്‍വലിക്കുക, കേന്ദ്ര സര്‍വീസ് പൊതുമേഖലാ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, പുതിയ പെന്‍ഷന്‍ പദ്ധതിക്ക് പകരം മുന്‍ സംവിധാനം പുനഃസ്ഥാപിക്കുക, എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി-1995 മെച്ചപ്പെടുത്തുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ അത്യാവശ്യമില്ലാത്ത കാര്യങ്ങളില്‍ പുറത്തിറക്കാതെ സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. രാജ്യ വ്യാപകമായി 1.60 കോടി ആളുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്ത രീതിയിലാകും പണിമുടക്ക്. സ്വകാര്യ സ്ഥാപനങ്ങളോടും പണിമുടക്കിനോട് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കും. സംയുക്ത ട്രേഡ് യൂണിയനില്‍ ബിഎംഎസ് സഹകരിക്കുന്നില്ലെങ്കിലും ആ സംഘടനയിലുള്‍പ്പെട്ടവരും പണിമുടക്കിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്