കേരളം

നടിയെ ആക്രമിച്ച കേസ്: സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവച്ചു. രാജിക്കാര്യം സര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന. കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 

വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷന്‍ പരാതി ഉന്നയിച്ചിരുന്നു. കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയാണെന്നും അതുവരെ കേസ് നിര്‍ത്തിവയ്ക്കണമെന്നും വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കോടതി മാറ്റത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചതുമില്ല.

പ്രോസിക്യൂഷനും കോടതിയും സഹകരിച്ചു പോവണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. അല്ലാത്തപക്ഷം യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ വിചാരണക്കോടതി മാറ്റേണ്ട സാഹചര്യം ഇല്ലെന്നും മതിയായ കാരണമില്ലാതെ കോടതി മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ജസ്റ്റിസ് വിജി അരുണ്‍ പറഞ്ഞു.

വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും നടി ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. തന്നെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിച്ചിട്ടും വിചാരണക്കോടതി ഇടപെട്ടില്ലെന്ന്ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനും ഇതേ വാദം ഉന്നയിച്ചിരുന്നു.

കോടതി മുറിയില്‍ നടി കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാല്‍പ്പതോളം അഭിഭാഷകരുടെ മുന്നിലാണ് അപകീര്‍ത്തികരമായ ചോദ്യങ്ങള്‍ ഉണ്ടായതെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു. വനിതാ ജഡ്ജിയായിട്ടു പോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അനുവദിച്ചെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും കോടതി ഇടപെട്ടില്ല. പ്രോസിക്യൂഷനോട് മുന്‍വിധിയോടെയാണ് വിചാരണക്കോടതി പെരുമാറിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.

രഹസ്യവിചാരണ ചട്ടങ്ങള്‍ കോടതിയില്‍ ലംഘിക്കപ്പെട്ടു. ഇരയെ ക്രോസ് വിസ്താരം ചെയ്യുന്ന ഘട്ടത്തില്‍ നാല്‍പ്പതോളം അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. നടിയുടെ അന്തസ്സു കെടുത്തുന്ന വിധത്തില്‍ ചോദ്യങ്ങളുണ്ടായെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ