കേരളം

ലൈഫ് മിഷന്‍ : സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ ;  എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നുപരിഗണിക്കും. ജസ്റ്റിസ് വി ജി അരുണ്‍കുമാറാണ് ഹര്‍ജി പരിഗണിക്കുന്നത്. ലൈഫ് മിഷന് എതിരായ സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. സിബിഐ അന്വേഷണം നിയമവിരുദ്ധവും, നിയമവ്യവസ്ഥയെ അപഹസിക്കുന്നത് ആണെന്നും ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

വളരെ തിടുക്കപ്പെട്ട് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നില്‍ മറ്റു താല്‍പ്പര്യങ്ങളുണ്ടെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചു. വിദേശ സംഭാവന സ്വീകരിക്കുന്ന ചട്ടം അനുസരിച്ചാണ് സിബിഐ കേസെടുത്തിട്ടുള്ളത്. എന്നാല്‍ അത്തരം ചട്ടം ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് ബാധകമാകില്ല. യൂണിടാകും റെഡ് ക്രസന്റും തമ്മിലാണ് കരാര്‍. റെഡ് ക്രസന്റില്‍ നിന്നും പണം സ്വീകരിച്ച് യൂണിടാക്കാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. 

യൂണിടാക്ക് ഇത്തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയാണ്. ഇത്തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ കമ്പനിക്ക് അനുമതിയുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിന് പ്രസക്തിയില്ല. യൂണിടാക്കും റെഡ്ക്രസന്റും തമ്മിലുള്ള ഇടപാടില്‍ സര്‍ക്കാരിനോ ലൈഫ് മിഷനോ പങ്കില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. 

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന് കോടതിയെ സമീപിക്കാന്‍ കഴിയുമെന്ന് എജി സര്‍ക്കാരിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ സിബിഐ വിളിപ്പിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി