കേരളം

'സ്വപ്‌നയുടെ മൊഴി വേദവാക്യം';  കള്ളക്കടത്ത് കേസിലെ പ്രതി ബിജെപിയുടെയും യുഡിഎഫിന്റെയും നേതൃകേന്ദ്രം; കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുഡിഎഫും ബിജെപിയും സമരം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ മൊഴി ബിജെപി മുഖപത്രത്തിലാണ് ആദ്യം വാര്‍ത്തയായത്. ബിജെപിയുടെയും യുഡിഎഫിന്റെയും നേതൃകേന്ദ്രമായി സ്വപ്‌ന സുരേഷ് മാറിയെന്നും കോടിയേരി പറഞ്ഞു.

കോടിയേരിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം


ഒരു രാഷ്ട്രീയ പാര്‍ടിയും സ്വീകരിക്കാന്‍ ധൈര്യപ്പെടാത്ത രീതിയാണ് കേരളത്തില്‍ യു ഡി എഫും ബി ജെ പിയും സ്വീകരിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് ഇവരുടെ വേദ വാക്യം. അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇരുകൂട്ടരും സമരം നടത്തുന്നത് . 

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയതായി പറയുന്ന മൊഴി കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മുഖപത്രത്തില്‍ മാത്രം ആദ്യം വാര്‍ത്തയായി വന്നു. ഇതിനെ ആധാരമാക്കി മറ്റു ചാനലുകളും പത്രങ്ങളും വാര്‍ത്തകളും ചര്‍ച്ചകളും സംഘടിപ്പിച്ചു. പിന്നാലെ ബി ജെ പി പ്രസിഡന്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്നു. പതിവുപോലെ കോണ്‍ഗ്രസ്സും അത് ആവര്‍ത്തിച്ചു. ബി ജെ പിയുടേയും യു ഡി എഫിന്റേയും നേതൃകേന്ദ്രമായി കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മാറിയിരിക്കുന്നു എന്നത് എത്ര അപമാനകരമാണ്.
ഇപ്പോള്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ആസൂത്രിത ശ്രമം കൂടി ഇതിനു പുറകിലുണ്ട്. ഇന്ത്യയില്‍ ആദ്യമായി പൊതുവിദ്യാഭ്യാസത്തില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ദിവസം തന്നെ സമരത്തിന് ഇക്കൂട്ടര്‍ തെരഞ്ഞെടുത്തത് യാദൃച്ഛികമല്ല. 

ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഗുണം ചെയ്യുന്ന ഈ പദ്ധതിയെ മറച്ചുവെക്കാനുള്ള വൃഥാ ശ്രമം കൂടി ഇതിനു പുറകിലുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഭൂരിപക്ഷം മാധ്യമങ്ങളും പ്രതിപക്ഷവും സ്വര്‍ണ്ണക്കടത്ത് എന്ന ഒറ്റ വിഷയത്തില്‍ മാത്രമാണ് കേന്ദ്രീകരിക്കുന്നത്. ആദ്യം പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത് .

സമ്മര്‍ദ്ദം ചെലുത്തി രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമവും ഇതിനിടയില്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന ഈ  അവിശുദ്ധ നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഇക്കൂട്ടര്‍ മനസിലാക്കുന്നത് നന്ന്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി