കേരളം

ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി ; എട്ടുപതിറ്റാണ്ടു നീണ്ട എഴുത്തു ജീവിതം, മനുഷ്യസ്‌നേഹത്തിന്റെ മഹാഗാഥകള്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : മലയാളക്കരയിലേക്ക് ജ്ഞാനപീഠ പുരസ്‌കാരം വീണ്ടും കൊണ്ടുവന്ന സാഹിത്യകാരനാണ് അക്കിത്തം അച്യുതന്‍ സമ്പൂതിരി. ജ്ഞാനപീഠപുരസ്കാരം നേടുന്ന ആറാമത്തെ മലയാള സാഹിത്യകാരനാണ്.  ഭാരതീയ തത്ത്വചിന്തയുടെയും ധാര്‍മിക മൂല്യങ്ങളുടെയും സവിശേഷമുദ്രകള്‍ അക്കിത്തത്തിന്റെ കാവ്യസപര്യക്ക് തിളക്കമേകി. മനുഷ്യസ്‌നേഹത്തിന്റെ മഹാഗാഥകളെന്ന് വിശേഷിപ്പിക്കാവുന്നതായിരുന്നു അക്കിത്തത്തിന്റെ കാവ്യരചനകള്‍. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ ഇന്നും ഏതൊരു മലയാളിക്കും സുപരിചിതമാണ്. 

ദര്‍ശന വൈഭവത്താല്‍ ഋഷിതുല്യനായ കവിയാണു മഹാകവി അക്കിത്തമെന്നാണ് ജ്ഞാനപീഠ പുരസ്‌കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. തന്നെക്കാള്‍ വലിയ സാഹിത്യകാരന്മാര്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ഗുരുക്കന്മാരായ വി ടി ഭട്ടതിരിപ്പാടിനും ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ക്കും കിട്ടാത്ത പുരസ്‌കാരം തനിക്കു ലഭിച്ചത് ആയുര്‍ബലം കൊണ്ടുകൂടിയാണെന്നായിരുന്നു അക്കിത്തത്തിന്റെ പ്രതികരണം. 

ബാല്യത്തില്‍ സംസ്‌കൃതവും വേദവും ഇംഗ്ലിഷും  തമിഴും സംഗീതവും ജ്യോതിഷവും പഠിച്ചു. എട്ടുവയസ്സുമുതല്‍ അക്കിത്തം കവിതയോട് കൂട്ടുകൂടി. കുട്ടികാലത്തുതന്നെ ചിത്രകലയിലും സംഗീതത്തിലും താല്‍പര്യം കാട്ടിയിരുന്നു.  കോഴിക്കോട് സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നെങ്കിലും രോഗം മൂലം പഠനം മുടങ്ങി. പിന്നീട് തൃശൂര്‍ മംഗളോദയം പ്രസില്‍നിന്ന് പുറത്തിറങ്ങിയിരുന്ന 'ഉണ്ണി നമ്പൂതിരി'യുടെ പ്രിന്ററും പബ്ലിഷറുമായി. 

വി ടി ഭട്ടതിരിപ്പാട്, ഉറൂബ്, ഇടശ്ശേരി തുടങ്ങിയവരുമായി അടുപ്പമുണ്ടായിരുന്ന അക്കിത്തം, ഗാന്ധിജി നേതൃത്വം നല്‍കിയ ദേശീയ പ്രസ്ഥാനത്തിലും നമ്പൂതിരി സമുദായോദ്ധാരണത്തിനായി യോഗക്ഷേമസഭയിലും പ്രവര്‍ത്തിച്ചു. യോഗക്ഷേമം, മംഗളോദയം എന്നീ മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്നു. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 

1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.  കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചു. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി