കേരളം

മരണവിവരം അറിയിക്കാന്‍ മാത്രം 50 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, അഞ്ചുവര്‍ഷത്തിനിടെ പങ്കുവെച്ചത് 5800 വേര്‍പാടുകള്‍; ഇത് ഹംസുവിന്റെ സേവനം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സോഷ്യല്‍മീഡിയയെ പല തരത്തില്‍ പ്രയോജനപ്പെടുത്തുന്നവരാണ് ചുറ്റുമുളളവര്‍. ചിലര്‍ സന്തോഷം പങ്കുവെയ്ക്കാനും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനുമാണ് മുഖ്യമായി സോഷ്യല്‍മീഡിയയെ ആശ്രയിക്കുന്നത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് പെരിന്തല്‍മണ്ണ സ്വദേശിയായ താമരത്ത് ഹംസു. സഹകരണ ബാങ്കില്‍ നിന്ന് വിരമിച്ച ഈ 65 കാരന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മരണവിവരങ്ങള്‍ മാത്രമാണ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. മരണം വളരെ വൈകാരികമായ ഒന്നാണ്. വിവരങ്ങള്‍ തെറ്റുകൂടാതെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഈ സാമൂഹിക സേവനം ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു.

മറ്റുളള മരണവാര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമാണ് താമരത്ത് ഹംസു സോഷ്യല്‍മീഡിയ വഴി ജനങ്ങളെ അറിയിക്കുന്ന വിവരങ്ങള്‍. വിശദമായാണ് മരണവാര്‍ത്ത നല്‍കുന്നത്. കുടുംബത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വസ്തുതാപരമായി തെറ്റില്ലെന്ന് ഉറപ്പാക്കിയാണ് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത്. അതുകൊണ്ട് തന്നെ പ്രദേശത്തുളള നിരവധിപ്പേരാണ് മരണവാര്‍ത്ത നല്‍കാനായി താമരത്ത് ഹംസുവിനെ സമീപിക്കുന്നത്. പ്രതിദിനം ശരാശരി മൂന്ന് മുതല്‍ അഞ്ചുവരെ മരണവാര്‍ത്തകള്‍ നല്‍കാറുണ്ടെന്ന് താമരത്ത് ഹംസു പറയുന്നു.

2015 നവംബറിലാണ് ആദ്യമായി താമരത്ത് ഹംസു മരണവാര്‍ത്ത നല്‍കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 5800 മരണവാര്‍ത്തകളാണ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്.  മറ്റു കാര്യങ്ങള്‍ ഒന്നും തന്നെ അദ്ദേഹം ഇക്കാലത്തിനിടയ്ക്ക് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം വഴി പങ്കുവെച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

ഫെയ്‌സ്ബുക്ക് പേജിന് പുറമേ 50 ഓളം വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഇദ്ദേഹം നിയന്ത്രിക്കുന്നുണ്ട്. ഓരോന്നിലും 257 വീതം അംഗങ്ങളുണ്ട്. മരണ വാര്‍ത്തകള്‍ എന്ന പേരിലാണ് ഗ്രൂപ്പുകള്‍. താന്‍ അംഗമായ മറ്റ് 50 വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇദ്ദേഹം വിവരങ്ങള്‍ പതിവായി കൈമാറി വരുന്നുണ്ട്. ഇതിന് പുറമേ ടെലിഗ്രാം ഗ്രൂപ്പ് വഴിയും വാര്‍ത്തകള്‍ കൈമാറുന്നുണ്ട്. ഫെയ്‌സ്ബുക്ക് പേജില്‍ മാത്രം 8000 പേരാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്. 5000 പേര്‍ പിന്തുടരുന്ന മറ്റൊരു ഫെയ്‌സ്ബുക്ക് പേജും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതിന് പുറമേ വിവിധ സാമൂഹിക, രാഷ്ട്രീയ സംഘടനകളുടെ പേരിലുളള സോഷ്യല്‍മീഡിയ പ്ലാറ്റുഫോമുകളിലും താന്‍ നല്‍കുന്ന മരണവാര്‍ത്തകള്‍ പങ്കുവെയ്ക്കാറുണ്ട്. മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഏകദേശം 29 ലക്ഷം പേരിലേക്കാണ് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി