കേരളം

ബസ് സ്റ്റോപ്പിൽ പുതച്ചുമൂടി കിടക്കും; എത്തുന്നത് ഏലയ്ക്ക മോഷ്ടിക്കാൻ; സ്ത്രീ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: സ്ഥിരമായി ഏലയ്ക്ക മോഷ്ടിച്ചു മറിച്ചു വിൽപ്പന നടത്തുന്ന സ്ത്രീ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. ബൈസൺവാലി പതിനെട്ടേക്കറിലാണ് സ്ഥിരമായി പച്ച ഏലയ്ക്ക മോഷണം പോയിരുന്നത്. നേര്യമംഗലം മണിമരുതുംചാൽ സ്വദേശി മോളത്ത് ഡിന്റോ എൽദോസ് (33), കോതമംഗലം കുട്ടൻപുഴ മണികണ്ഠൻചാൽ പുത്തൻപുരയ്ക്കൽ പങ്കജാക്ഷി (57) എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ ദിവസങ്ങളിൽ പതിനെട്ടേക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ രണ്ട് പേർ പുതച്ചുമൂടി കിടക്കുന്നത് പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളായ ചിലർ ശ്രദ്ധിച്ചിരുന്നു. നടത്തം കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ ഇവരെ കാണാറുണ്ടായിരുന്നില്ല. സംശയം തോന്നിയ നാട്ടുകാർ വെള്ളിയാഴ്ച്ച ഇരുവരെയും പരിശോധിച്ചപ്പോൾ ടോർച്ച്, പിച്ചാത്തികൾ, സഞ്ചികൾ തുടങ്ങിയവ കണ്ടെടുത്തു. തുടർന്നു രാജാക്കാട് പൊലീസിൽ വിവരമറിയിച്ചു. 

സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണു പച്ച ഏലയ്ക്ക മോഷണത്തിനായി എത്തിയതാണെന്നു മനസിലായത്. കോതമംഗലത്തെ ചില കടകളിലാണ് ഈ ഏലയ്ക്ക വിറ്റിരുന്നത്. 

രാജാക്കാട് ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് ഇപ്രകാരം മോഷണം നടത്തിയിട്ടുള്ളതായും പ്രതികൾ സമ്മതിച്ചു. നാല് ടോർച്ചുകൾ, ശരം മുറിക്കുന്നതിനുള്ള മൂന്ന് പിച്ചാത്തികൾ തുടങ്ങിയവ പൊലീസ് ഇവരിൽ നിന്നു കണ്ടെടുത്തു. ബൈസൺവാലി മേഖലയിലെ വിവിധ കൃഷിയിടങ്ങളിൽ നിന്നു പച്ച ഏലയ്ക്ക മോഷണം പോയതായി പരാതികൾ ഉയർന്നിരുന്നു. രാജാക്കാട്‌ സിഐ എച്ച് എൽ ഹണിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി