കേരളം

സ്ത്രീധന പീഡനക്കേസ് ഒതുക്കാൻ പ്രതിയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പ്രതിക്ക് അനുകൂലമായി മൊഴി നൽകാനെന്ന പേരിൽ 25,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച സ്ത്രീധന പീഡനക്കേസിൽ പ്രതിക്ക് അനുകൂലമായി കോടതിയിൽ മൊഴി നൽകാനെന്ന പേരിലാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. 25,000 രൂപ കൈക്കൂലി വാങ്ങവേ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ അബ്ദുൽ സലീമിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

അഞ്ച് വർഷം മുൻപ് അബ്ദുൽ സലീം ചവറ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നപ്പോൾ വർക്കല സ്വദേശി ഫൈസൽ പ്രതിയായ സ്ത്രീധന പീഡനക്കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കൊല്ലം കോടതിയിൽ സമർപ്പിച്ചിരുന്നു. വിചാരണയിലിരിക്കുന്ന ഈ കേസിൽ മൊഴി നൽകാൻ കഴിഞ്ഞയാഴ്ച സലീമിനു കോടതിയിൽ നിന്നു സമൻസ് വന്നു. തുടർന്നു സലീം ഫൈസലിനെ ഫോണിൽ ബന്ധപ്പെട്ട് അനുകൂല മൊഴി നൽകാൻ 25,000 രൂപ ആവശ്യപ്പെട്ടതായാണു പരാതി.  ഫൈസൽ ഇക്കാര്യം കൊല്ലം വിജിലൻസ് ഡിവൈഎസ്പി കെ അശോക് കുമാറിനെ അറിയിച്ചു.

തുടർന്ന് അബ്ദുൽ സലീമിന്റെ ബന്ധുവിന്റെ കരുനാഗപ്പള്ളി ആലുംകടവിലുള്ള ജ്വല്ലറിയിൽ വച്ച് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത സമയത്ത് ഫൈസലിൽ നിന്ന് സലീം രണ്ട് ലക്ഷം രൂപ വാങ്ങിയിരുന്നതായും വിജിലൻസിനു വിവരം ലഭിച്ചു. സലീമിനെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു