കേരളം

ആരെയൊക്കെയോ ഫോണ്‍ ചെയ്യുന്നു, വീണ്ടും വന്നു ചോദ്യങ്ങള്‍ ചോദിക്കുന്നു; തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ കടുത്ത നടുവേദനയെന്ന് ശിവശങ്കര്‍ കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തന്റെ ആരോഗ്യാവസ്ഥ പരിഗണിക്കാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ പീഡിപ്പിക്കുകയാണെന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കര്‍ കോടതിയില്‍. തനിക്കു കടുത്ത നടുവേദന ഉണ്ടെന്നും അതു ഗൗനിക്കാതെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. 

ആയുര്‍വേദ ചികിത്സയിക്കിടെയാണ് തന്നെ കസ്റ്റഡിയില്‍ എടുത്തത്. പതിനാലു ദിവസത്തെ ചികിത്സയായിരുന്നു. അത് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ കടുത്ത നടുവേദനയുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ അതു ഗൗനിക്കുന്നില്ല. ചോദ്യം ചെയ്യലിനിടെ അവര്‍ ഇടയ്ക്കിടെ ഫോണ്‍ ചെയ്യാനായി പുറത്തുപോവുന്നു. ആരോടൊക്കെയോ സംസാരിച്ച ശേഷം വീണ്ടും വന്ന ചോദ്യം ചെയ്യുന്നു. ഇതു മൂലം തനിക്ക് ഏറെ നേരം ഇരിക്കേണ്ടിവരുന്നു- ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.

ഇന്നലെ രാത്രി ഒരു മണി വരെ തന്നെ ചോദ്യം ചെയ്തു. ഇന്നു പുലര്‍ച്ചെ വീ്ണ്ടും വിളിച്ച് എഴുന്നേല്‍പ്പിച്ചു. തുടര്‍ച്ചയായി ഇരിക്കുന്നത് തന്റെ ആരോഗ്യത്തെ ബാധിക്കുന്നതായി ശിവശങ്കര്‍ പറഞ്ഞു. 

ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണെന്ന് ഇഡി വ്യക്തമാക്കി. 

ശിവശങ്കറിനെ രണ്ടാഴ്ച കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടത്. ഇത് കോടതി അനുവദിച്ചില്ല. ചോദ്യം ചെയ്യലിനിടെ ശിവശങ്കറിന് വിശ്രമം അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം. ഒന്‍പതു മണി മുതല്‍ ആറു മണി വരെയേ ചോദ്യം ചെയ്യാവൂ. മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യുമ്പോള്‍ ഒരു മണിക്കൂര്‍ വിശ്രമം ഉറപ്പാക്കണം. കസ്റ്റഡിയില്‍ ബന്ധുക്കളെ കാണാനും കോടതി ശിവശങ്കറിനെ അനുവദിച്ചു.

ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ശിവശങ്കറിനെ രാവിലെ പത്തോടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. 

സ്വര്‍ണം കൊണ്ടുവന്ന നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് മെമ്മോയില്‍ പറയുന്നുണ്ട്. ഇക്കാര്യം ശിവശങ്കര്‍ സമ്മതിച്ചായും അറസ്റ്റ് മെമ്മോയില്‍ പറയുന്നു.

ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടിട്ടില്ലെന്നായിരുന്നു ശിവശങ്കര്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇടപെടാന്‍ സ്വപ്‌ന ആവശ്യപ്പെട്ടെങ്കിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടുകിട്ടും എന്നാണ് താന്‍ അറിയിച്ചതെന്നാണ് വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കര്‍ പറഞ്ഞത്. സ്വപ്‌നയുടെ മൊഴിയും ഇത്തരത്തിലായിരുന്നു. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചെന്ന് ഇഡി അറസ്റ്റ് മെമ്മോയില്‍ പറയുന്നു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ഹൈക്കോടതിയിലും ഇഡി ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍ കസ്റ്റംസ് വാദത്തിനിടെ ഇത്തരമൊരു വാദം ഉന്നയിച്ചില്ല.

സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് ശിവശങ്കര്‍ ആയിരുന്നെന്ന് അറസ്റ്റ് മെമ്മോ പറയുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴിയായിരുന്നു ഇത്. കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്നു സംശയമുണ്ട്. ചോദ്യം ചെയ്യലില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ശിവശങ്കര്‍ നല്‍കിയതെന്നും ഇഡി പറയുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വര്‍ണക്കടത്ത് സംഘത്തെ സഹായിക്കുകയാണ് ശിവശങ്കര്‍ ചെയ്തത്. പല തവണ സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്‌തെന്ന് ഇഡി മെമ്മോയില്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്