കേരളം

പൊലീസിനെതിരെ പ്രധാനമന്ത്രിക്ക് 13കാരി നൽകിയ പരാതി വൈറലായി; തൊട്ടുപിന്നാലെ വധശ്രമക്കേസിൽ അച്ഛനും അമ്മയും അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ഗുണ്ടാ ആക്രമണത്തിൽ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്ക് പരാതി നൽകിയ 13കാരിയുടെ മാതാപിതാക്കൾ വധശ്രമക്കേസിൽ അറസ്റ്റിൽ. യുവാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിലാണ് തിരുവനന്തപുരം ചാക്ക സ്വദേശികളായ സുജിത് കൃഷ്ണയും ഭാര്യ സിതാരയും അറസ്റ്റിലായത്. ഇവർ നടത്തിയ വധശ്രമം മറച്ചുവെക്കാനാണ് മകളെ മുൻനിർത്തി വ്യാജപരാതി ചമച്ചതെന്നാണ് പൊലീസ് പറയുന്നത്.

തന്‍റെ കുടുംബത്തെ ആക്രമിക്കാൻ ശ്രമിച്ച ഗുണ്ടകളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് 13കാരി ഒരാഴ്ച മുമ്പ് പ്രധാനമന്ത്രിക്ക് പരാതി നൽകുന്നത്. ഇത് സോഷ്യൽ മീഡിയയിലും മറ്റും ചർച്ചകൾക്ക് വഴിവച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുജിത്തിനെയും സിതാരയെയും അറസ്റ്റു ചെയ്തത്.

ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വത്തുക്കൾ ഒപ്പിട്ട് വാങ്ങിയെന്ന പരാതിയിൽ സുജിത്തിന്‍റെ വീട്ടിൽ കഴിഞ്ഞ മാസം പൊലീസ് പരിശോധന നടത്തിയിരുന്നു. പരാതിക്ക് പിന്നിൽ സുജിത്തിന്‍റെ മുൻ ഡ്രൈവറും കൂട്ടാളിയുമായിരുന്ന ശങ്കർ മോഹനാണെന്ന ധാരണയിലാണ് വധശ്രമത്തിന് പദ്ധതി തയ്യാറാക്കിയത്. ശങ്കർമോഹനെ ചർച്ചക്കാണെന്ന പേരിൽ പേട്ട ഗുരുമന്ദിരത്തിന് സമീപം വിളിച്ച് വരുത്തി വാഹനം ഇടിപ്പിച്ച് അപകടപ്പെടുത്താൻ സുജിത്തും സിതാരയും ശ്രമിച്ചു. പരിക്കേറ്റ ശങ്കറും മറ്റ് സുഹൃത്തുക്കളും ഇവരെ പിന്തുടർന്നതോടെ ഇരുവരും പേട്ട സ്റ്റേഷനിൽ ഓടികയറി. ഗുണ്ടാനിയമ പ്രകാരം ശങ്കർ അറസ്റ്റിലായി. തുടർന്നാണ് ശങ്കറിന്റെ അമ്മ, മകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് കമ്മീഷണർക്ക് പരാതി നൽകിയത്.

ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ ഗുണ്ടാസംഘങ്ങളെ പൊലീസ് സഹായിക്കുന്നുവെന്ന പരാതിയുമായി സുജിത്തിന്‍റെയും സിതാരയുടെയും മകൾ രംഗത്തെത്തി. പൊലീസിനെതിരെ പ്രധാനമന്ത്രിക്ക് പരാതിയും അയച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വധശ്രമം മറനീക്കി പുറത്തുവന്നത്. ശങ്കറിനെ കൊല്ലാൻ താൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കി സുജിത്ത് പ്രചരിപ്പിച്ച ശബ്ദ സന്ദേശവും പൊലീസിന് തെളിവായി. നേരത്തേയും നിരവധി കേസുകളിൽ പ്രതിയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. പലിശക്ക് കടം കൊടുക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 17 കേസിൽ പ്രതിയാണ് സുജിത്ത് കൃഷ്ണ. സിതാരക്കെതിരെയും കേസുള്ളതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി