കേരളം

ഏഴുമാസത്തെ കഠിന പ്രയത്‌നത്തിന്റെ ഫലം തല്ലിക്കെടുത്തരുത്...;നമുക്ക് ഒന്നാം സ്ഥാനമൊന്നും വേണ്ട; ജീവനാണ് പ്രധാനം: ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്. മാത്രമല്ല തലസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 800 കടക്കുകയും ചെയ്തു. ആരില്‍ നിന്നും ആരിലേക്കും കോവിഡ് പകരുന്ന സമയമാണിത്. അവരവര്‍ അവരെ തന്നെ രക്ഷിക്കണം. ജീവന്റെ വിലയുള്ള ജാഗ്രത സമയത്ത് എല്ലാ കോവിഡ് പ്രോട്ടോകോളും ലംഘിച്ചാണ് വലിയ ആള്‍ക്കൂട്ടത്തോടെ പ്രതിഷേധം നടത്തുന്നത്. കേരളത്തിലെ ജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആറേഴ് മാസം കൊണ്ട് നടത്തിയ ത്യാഗത്തിന്റെ ഫലമായാണ് കോവിഡ് വ്യാപനമുണ്ടാകാതെ തടഞ്ഞുനിര്‍ത്താനായത്. ഈയൊരു ഘട്ടത്തില്‍ ഇങ്ങനെയുള്ള ആള്‍ക്കൂട്ടം വലിയ കോവിഡ് ഭീഷണിയാണ് ഉയര്‍ത്തുന്നത്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഇനിയാണ് നാം ഏറെ ശ്രദ്ധിക്കേണ്ടത്. ജീവന്‍ നിലനിര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ വ്യാപിതരായാല്‍ വലിയ പ്രത്യാഘാതമുണ്ടാകും. അത്രയധികം കരുതലോടെയിരുന്നാല്‍ മാത്രമേ നമുക്ക് രക്ഷപ്പെടാന്‍ സാധിക്കൂ. സംസ്ഥാനത്ത് വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ആള്‍ക്കൂട്ടം പരമാവധി കുറച്ച് വരികയാണ്. ഭയാനകമായ നാളുകളിലൂടെയാണ് നാം കടന്നു പോകുന്നത്. ആസമയത്താണ് ആയിരക്കണക്കിന് ആളുകള്‍ ഒന്നിച്ച് തെരുവിലിറങ്ങുന്നത്. പലരും മാസ്‌ക് ധരിച്ചു ധരിച്ചില്ല എന്ന രീതിയിലാണ് പങ്കെടുക്കുന്നത്. ഇവരുടെയിടയില്‍ രോഗവ്യാപനമുണ്ടായാല്‍ അവരുടെ കുടുംബത്തിലേക്ക് രോഗവ്യാപനമുണ്ടാകും. വീടുകളില്‍ രോഗവ്യാപനമുണ്ടായാല്‍ കൂട്ടത്തോടെ ക്ലസ്റ്ററുകളായി മാറും. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്താല്‍ അവര്‍ക്കൊക്കെ വരും. അതിനാല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടികളാണെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. പ്രതിഷേധത്തിന് ആരും എതിരല്ല. എന്നാല്‍ ഇത്തരത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കണം. മാസ്‌ക് ധരിച്ചും അകലം പാലിച്ചും മാത്രം പങ്കെടുക്കുക.

ഇത്തരം ആള്‍ക്കൂട്ട പ്രകടനം എപ്പിഡമിക് ആക്റ്റനുസരിച്ച് കര്‍ശനമായ നിയമ ലംഘമാണ്. വലിയ പ്രതിസന്ധിയുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ചിലര്‍ സ്വീകരിക്കുന്നത്. ഇത് എല്ലാവരും ആലോചിക്കണം. കേരളം ചെയ്യുന്ന വലിയ പ്രവര്‍ത്തനം കൊണ്ടാണ് മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞത്. അവനവന്റെ ബന്ധുക്കള്‍ മരിക്കുമ്പോഴുള്ള വേദന ഉള്‍ക്കൊള്ളണം. മറ്റെല്ലാം മാറ്റിവച്ച് ഈ മഹാമാരിയെ നേരിടാനുള്ള സമയമാണിത്. വാക്‌സിന്‍ കണ്ടു പിടിക്കുന്നതുവരെ നമ്മുടേയും നമ്മുടെ കുടുംബത്തേയും രക്ഷിക്കേണ്ടതുണ്ട്. നമുക്ക് ഒന്നാം സ്ഥാനമൊന്നും വേണ്ട. ആള്‍ക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയണം. ഏഴുമാസത്തെ കഠിന പ്രയത്‌നത്തിന്റെ ഫലം തല്ലിക്കെടുത്തരുത്. ജീവനാണ് പ്രധാനം. കക്ഷിരാഷ്ട്രീയം മറന്ന് ജാതിചിന്ത മറന്ന് എല്ലാവരുടേയും സഹകരം അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു