കേരളം

മനുഷ്യജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ല; പ്രതിപക്ഷ സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മനുഷ്യജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമരങ്ങള്‍ നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷമായി രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ആള്‍ക്കൂട്ടസമരം കോവിഡിനെതിരെ പ്രവര്‍ത്തിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വിഘാതമാവുകയാണ്. സാമൂഹിക അകലം പാലിക്കല്‍ മുതലായ കോവിഡ് പ്രോട്ടോക്കോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അക്ഷീണം പ്രയത്‌നിക്കുന്ന സേനയാണ് പോലീസ്. അതിനുളള പ്രത്യുപകാരമായി അവര്‍ക്കിടയില്‍ കോവിഡ് പടര്‍ത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. മനുഷ്യജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് എല്ലാവരും തിരിച്ചറിയണം. ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധിക്കാനുളള അവകാശം നിഷേധിക്കാന്‍ സാധിക്കില്ല. പക്ഷേ പ്രതിഷേധിക്കുന്നവര്‍ അത് സമൂഹത്തെ ഒന്നടങ്കം അപകടപ്പെടുത്തിക്കൊണ്ട് ഇപ്രകാരം ചെയ്യുന്നതില്‍ നിന്ന് പിന്മാറണം മുഖ്യമന്ത്രി പറഞ്ഞു.

അക്രമ സമരം നടത്തിയാലേ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാകൂ എന്ന ധാരണ മാറിക്കിട്ടിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ആത്മപരിശോധനയ്ക്ക് തയ്യാറാകുകയും നമ്മുടെ സഹോദരങ്ങളെ ഈ മഹാമാരിക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധസമരങ്ങള്‍ നാടിനെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്നതാണെന്ന് തിരിച്ചറിവുകള്‍ ഉണ്ടാവുക എന്നുളളതാണ് ഏററവും പ്രധാനം. ഹൈക്കോടതി ഈ വിഷയത്തില്‍ പറയാനുളളതിന്റെ പരമാവധി പറഞ്ഞുകഴിഞ്ഞു. തിരിച്ചറിവോടെ പ്രതികരിക്കാനുളള നില രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്വീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സമരത്തില്‍ പങ്കെടുക്കുന്നവര്‍ മാത്രമല്ല അവരെ നിയന്ത്രിക്കാനെത്തിച്ചേരുന്ന പോലീസുകാരും രോഗബാധിതരാകുകയാണ്. സമരം നടക്കുമ്പോള്‍ ശാരീരിക അകലം പാലിച്ച് പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിയില്ല. സമരക്കാരോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യേണ്ടിവന്നു. ചിലയിടങ്ങളില്‍ മതിയായ ബലപ്രയോഗവും വേണ്ടിവരുന്നു. ഇതെല്ലാം രോഗവ്യാപനത്തിന് കാരണമാകുന്നു. മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ വരെ രോഗബാധിതരാകുകയാണ്. നാടിനോട് താല്പര്യമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വീണ്ടും വീണ്ടും ഉളള അഭ്യര്‍ഥന ഫലം കാണുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)