കേരളം

അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം ; എല്‍ഡിഎഫിന് ചരിത്രവിജയം ഉറപ്പെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : എല്‍ഡിഎഫിന് ചരിത്രവിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ കരുത്താണ് ഈ തെരഞ്ഞെടുപ്പില്‍ പ്രകടമാകുക. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചാരണങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങള്‍ കൈക്കൊള്ളുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പിണറായിയിലെ ആര്‍സി അമലാ ബേസിക് സ്‌കൂളില്‍ പിണറായി വിജയനും ഭാര്യ കമലയും വോട്ടുരേഖപ്പെടുത്തി. അതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. കേരളത്തില്‍ 2016 മുതല്‍ ഇടതുസര്‍ക്കാര്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയോ, അതിലെല്ലാറ്റിനും ജനങ്ങള്‍ ഒപ്പമുണ്ടായിരുന്നു. ജനങ്ങളാണ് സര്‍ക്കാരിന്റെ കൂടെ എല്ലാക്കാലത്തും അണിനിരന്നത്. ഒരു സംശയവുമില്ല, എല്‍ഡിഎഫിന് ചരിത്രം വിജയം ജനങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്തൊക്കെയാണോ ശ്രമിച്ചത് അതു തന്നെയാണ് ഇത്തവണയും യുഡിഎഫും ബിജെപിയും പയറ്റി നോക്കിയത്. അതിന്റെ ആവര്‍ത്തനം കുറേക്കൂടി ശക്തമായ രീതിയില്‍ ഉണ്ടാകുമെന്നാണ് കാണേണ്ടത്. കരുതി വെച്ച ബോംബെല്ലാം പുറത്തെടുക്കാന്‍ പറ്റിയോ എന്നറിയില്ല. എന്നാല്‍ ഏതിനെയും നേരിടാന്‍ ജനങ്ങള്‍ സന്നദ്ധമായിരുന്നു. ജനങ്ങളുടെ മുന്നില്‍ ഒന്നും വിലപ്പോകില്ലെന്ന തിരിച്ചറിവ് പിന്നീട് ഉണ്ടായോ എന്ന് പറയാന്‍ പറ്റില്ല. 

നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യും. മറ്റെവിടെയെങ്കിലും ബിജെപിയുമായി ധാരണയുണ്ടാക്കി, അവര്‍ക്ക് വോട്ടുമറിച്ചുകൊടുക്കാന്‍ യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടുണ്ടോ എന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വ്യക്തമാകും. മലമ്പുഴയിലൊന്നും ഒരു രക്ഷയും ബിജെപിക്ക് കിട്ടാന്‍ പോകുന്നില്ല. അതുകണ്ടിട്ട് ആരും നോക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മഞ്ചേശ്വരത്ത് വോട്ടുകച്ചവടം ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അങ്ങനെ നിങ്ങള്‍ നേരായ വഴിക്ക് ചിന്തിക്കൂ എന്ന് പിണറായി വിജയന്‍ പറഞ്ഞു. ചില കാര്യങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അത് എങ്ങനെയെന്ന് നോക്കാം നമുക്ക്. കുപ്രചാരണങ്ങളെ ജനം വിലയിരുത്തും. തെരഞ്ഞെടുപ്പില്‍ സിഎമ്മിന്റെ ഓഫീസ് വലിയ വിവാദമായി വന്നില്ല. ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. 

ശബരിമലയുടെ ശാപം ഉണ്ടാകും അതിനാല്‍ തുടര്‍ഭരണമുണ്ടാകില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. അദ്ദേഹം അങ്ങനെ പറയാനേ സാധ്യതയില്ല. അദ്ദേഹം ഒരു അയ്യപ്പ വിശ്വാസിയാണ്. അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും, മറ്റ് ആരാധനാമൂര്‍ത്തികളുടെ വിശ്വാസികളും ഈ സര്‍ക്കാരിനൊപ്പമാണ്. ഈ സര്‍ക്കാരാണ് എല്ലാ ജനങ്ങളെയും സംരക്ഷിച്ചത്. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവരുടെ കൂടെയാണ് എല്ലാ ദേവഗണങ്ങളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു