കേരളം

രാജ്യസഭ തെരഞ്ഞെടുപ്പ് : സിപിഎം സ്ഥാനാര്‍ത്ഥികള്‍ വെള്ളിയാഴ്ച ; ചെറിയാന്‍ ഫിലിപ്പും ശിവദാസനും പരിഗണനയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച തീരുമാനിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാകും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ യോഗത്തില്‍ സംബന്ധിച്ചേക്കും. 

രാജ്യസഭയിലേക്ക് മൂന്നു സീറ്റുകളാണ് ഒഴിവ് വന്നത്. നിലവിലെ സഭയിലെ കക്ഷിബലം അനുസരിച്ച്, ഇതില്‍ രണ്ടെണ്ണം ഇടതുമുന്നണിക്ക് ലഭിക്കും. രണ്ടു സീറ്റും സിപിഎം ഏറ്റെടുക്കും. ഇതില്‍ ഒരു സീറ്റ് സിപിഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന് നല്‍കിയേക്കും. കഴിഞ്ഞതവണയും ചെറിയാന്റെ പേര് സജീവമായി ഉയര്‍ന്നിരുന്നു. 

എന്നാല്‍ രാജ്യസഭയില്‍ പാര്‍ട്ടിനേതാവായി പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്ന നേതാവിനെ അയക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എളമരം കരീമിന് സീറ്റ് നല്‍കുകയായിരുന്നു. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ ചെറിയാന് സീറ്റ് നല്‍കിയിരുന്നുമില്ല.

രണ്ടാമത്തെ സീറ്റിലേക്ക് നിരവധി പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. നിലവിലെ മന്ത്രിസഭയില്‍നിന്ന് ഒഴിയുന്ന ഇ പി ജയരാജന്‍, എ കെ ബാലന്‍, തോമസ് ഐസക്, ജി സുധാകരന്‍, സിപിഎം കേന്ദ്രകമ്മിറ്റി അംഗവും കിസാന്‍സഭ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. 

സിപിഎം സംസ്ഥാന സമിതി അംഗം വി ശിവദാസന്‍, കൈരളി ടി വി എം ഡി ജോണ്‍ ബ്രിട്ടാസ് എന്നിവരുടെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. സ്ഥാനമൊഴിയുന്ന കെ കെ രാഗേഷിന് ഒരു ടേം കൂടി നല്‍കണമെന്ന വാദവും ഉയരുന്നുണ്ട്. കര്‍ഷക സമരത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചതാണ് രാഗേഷിന് അനുകൂലമാകുന്നത്. 

യുഡിഎഫിന് ലഭിക്കുന്ന ഒരു സീറ്റില്‍ പി വി അബ്ദുള്‍ വഹാബ് തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാകും. അടുത്ത ചൊവ്വാഴ്ച വരെയാണ് രാജ്യസഭ തെരഞ്ഞെടുപ്പിന് പത്രിക നല്‍കാനുള്ള സമയം. ഏപ്രില്‍ 30നാണ് തെരഞ്ഞെടുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്